Latest Posts

സഹകരണ സംഘം ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു



കൊല്ലം : ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ 2023-24 അധ്യയന വര്‍ഷം വിദ്യാഭ്യാസ, കലാ-കായിക മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണോദ്ഘാടനം ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. സഹകരണ മേഖല പുരോഗതിയിലേക്ക് നീങ്ങുകയാണെന്നും രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട സേവനം നല്‍കാന്‍ മേഖലക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ 161 വിദ്യാര്‍ത്ഥികള്‍ക്ക് 15,85,000 രൂപയാണ് വിതരണം ചെയ്തത്.

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടു എന്നിവയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ക്ക് 10,000 രൂപ വീതവും എച്ച്.ഡി.സി ആന്‍ഡ് ബി.എം, ജെ.ഡി.സി, സഹകരണം ഐശ്ചിക വിഷയമായെടുത്ത ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപ വീതവും സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ബി ടെക്ക്, എം ടെക്ക്, ബി.എസ്.സി നഴ്സിങ്, എം.എസ്.സി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വീതവും എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി എന്നിവയ്ക്കും അവയുടെ ബിരുദാനന്തര കോഴ്സുകള്‍ക്കും 25,000 രൂപ വീതവും മറ്റെല്ലാ ബിരുദ, ബിരുദാനന്തര ബിരുദങ്ങള്‍ക്കും 10,000 രൂപ വീതവും സംസ്ഥാനതല സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ചവര്‍ക്കും കായിക രംഗത്ത് സംസ്ഥാന-ദേശീയ തലത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കും 5000 രൂപ വീതവുമാണ് നല്‍കിയത്.

ചടങ്ങില്‍ വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആര്‍. സനല്‍കുമാര്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ മുഖ്യാതിഥിയായി. ഭരണസമിതി അംഗം ജി.ആര്‍ രാജീവന്‍, കേരള ബാങ്ക് ഡയറക്ടര്‍ ജി ലാലു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. അബ്ദുല്‍ ഹലീം, ഡെപ്യൂട്ടി രജിസ്ട്രാര്‍ എ. അജി, ബി. പ്രേംകുമാര്‍, രഘു പാണ്ഡവപുരം, ഇ. നിസാമുദ്ദീന്‍, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments

Headline