തിരുവനന്തപുരം : കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെയും കുടുംബത്തിന്റെയും കടബാധ്യതയെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇവർക്ക് കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇതിനിടെ, അഫാൻ പെൺസുഹൃത്ത് ഫർസാനയുടെ മാല പണയംവച്ചെന്നും അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
പകരം, അഫാൻ ഫർസാനയ്ക്ക് മുക്കുപണ്ടം നൽകിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ മാല തിരികെ നൽകണമെന്ന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നതായും വിവരങ്ങളുണ്ട്. കൂട്ടക്കൊലയ്ക്ക് പിന്നിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്ന നിഗമനത്തിലാണ് പൊലീസ്.
അഫാന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഫാന്റെ മാതാവ് ഷെമിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി ഡോക്ടറുടെ അനുമതിയോടെ ആറ്റിങ്ങൽ ഡിവൈഎസ്പി മെഡിക്കൽ കോളേജിലെത്തിയെങ്കിലും ഷെമിയുടെ മാനസികാവസ്ഥ അസാധാരണമായതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, അഫാന്റെയും ഷമിയുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. കൂടാതെ, പ്രതിയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കാനായി സൈബർ പൊലീസ് വിഭാഗത്തിനും കത്തയച്ചിട്ടുണ്ട്.
കടബാധ്യതയും സാമ്പത്തിക ഇടപാടുകളും
കൃത്യം നടത്തുന്നതിനിടെയും അമ്മൂമ്മയുടെ മാല പണയംവച്ചതിലൂടെ ലഭിച്ച തുകയിൽ നിന്ന് ₹40,000 കടം വീട്ടാനായി അഫാൻ ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. ഷെമിക്ക് ഏകദേശം ₹65 ലക്ഷം കടബാധ്യതയുണ്ടെന്ന വിവരവും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങൾ അഫാന്റെ മൊഴിയിലൂടെ സ്ഥിരീകരിക്കാൻ പൊലീസ് ശ്രമിച്ചു വരികയാണ്.
0 Comments