കോട്ടയം : ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹർജി അംഗീകരിച്ചത്. ജനുവരി 5നാണ് ചാനൽ ചർച്ചയ്ക്കിടെ പി.സി. ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
കേസിൽ മുമ്പ് കോട്ടയം സെഷൻസ് കോടതിയും തുടർന്ന് ഹൈക്കോടതിയും പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് അദ്ദേഹം അറസ്റ്റിലാവുകയും റിമാൻഡിലാകുകയും ചെയ്തു.
അറസ്റ്റിനുശേഷം ആരോഗ്യപ്രശ്‌നങ്ങൾ മുന്നോട്ടുവച്ച പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നിലവിൽ അദ്ദേഹം ആശുപത്രിയുടെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിലാണ്.
ജാമ്യാപേക്ഷ പരിഗണിച്ച സമയത്ത് പ്രോസിക്യൂഷനും പ്രതിഭാഗവും ശക്തമായി വാദപ്രതിവാദങ്ങൾ നടത്തി. പ്രതിക്കെതിരായ ആരോപണങ്ങളിൽ തെളിവുശേഖരണം അടക്കം ഒന്നും ഉണ്ടായിട്ടില്ലെന്നതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ, അതിനെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, ഇതിന് മുമ്പും പി.സി. ജോർജ് ഇത്തരത്തിലുള്ള വിദ്വേഷ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. മുമ്പത്തെ കേസുകളിൽ ലഭിച്ച ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നിരുന്നാലും, പ്രതിയുടെ ആരോഗ്യനില സംബന്ധിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചതിനെ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി.
0 Comments