Latest Posts

കൊല്ലം ജില്ലാ വാർത്തകൾ: കൊല്ലം ജില്ലയിലെ സർക്കാർ വാർത്തകളും അറിയിപ്പുകളും; നോക്കാം വിശദമായി



കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം (മാര്‍ച്ച് 1) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 
കൊട്ടാരക്കര പൊലീസ് സ്റ്റേഷനായി നിര്‍മിച്ച പുതിയ കെട്ടിടം നാളെ (മാര്‍ച്ച് 1) വൈകീട്ട് നാലിന് മുഖ്യമന്ത്രി ഓണ്‍ലൈനായി  ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ്. അജിത ബീഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍, നഗരസഭ ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണ മേനോന്‍, ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു തുടങ്ങിയവര്‍ സംബന്ധിക്കും.
സംസ്ഥാന സര്‍ക്കാറിന്റെ തനത് ഫണ്ടില്‍നിന്ന് അനുവദിച്ച 2.5 കോടി ചെലവിട്ട് പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് 7600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ബഹുനില കെട്ടിടം പൂര്‍ത്തിയാക്കിയത്.

ബാലാവകാശ സംരക്ഷണ കമ്മീഷന്‍; ജില്ലാതല അവലോകനയോഗം നടത്തി 
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലനീതി, പോക്സോ, ആര്‍.ടി.ഇ എന്നീ വകുപ്പുകളുടെ ഏകോപനവുമായി ബന്ധപെട്ട ജില്ലാതല അവലോകനയോഗം ചേര്‍ന്നു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം കെ കെ ഷാജു അധ്യക്ഷനായി. കുട്ടികളുടെ സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ ബാല്യത്തില്‍ തന്നെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് യോഗം വ്യക്തമാക്കി. കുട്ടികളുടെ അവകാശ സംരക്ഷണ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം വ്യാപകമായി എല്ലാവരിലേക്കും എത്തിക്കണം. പോക്‌സോ കേസുകളില്‍പ്പെട്ട കുട്ടികളെ വൈദ്യ പരിശോധനയ്ക്കെത്തിക്കുമ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ തിരക്കിലാകുമ്പോള്‍ ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കാന്‍ പ്രത്യേകം ഡോക്ടറിനെ നിയമിക്കുക, വനിതാ ശിശു വികസന ഓഫീസര്‍മാരുടെ നിയമനം എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ കൂടി കൊണ്ടു വരുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വനിതാ ശിശു വികസന വകുപ്പ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ശിശുക്ഷേമസമിതി, സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, പട്ടികവര്‍ഗം, എക്സൈസ്, വിദ്യാഭ്യാസം തൊഴില്‍ വകുപ്പുകള്‍ തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലയിലെ വെല്ലുവിളികളും പരിഹാരങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം ബി മോഹന്‍കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി നിര്‍മല്‍ കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് സനില്‍ കുമാര്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ എന്‍ ഷണ്‍മുഖന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എല്‍ രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

ടിങ്കര്‍ഹബ് മികച്ച ക്യാമ്പസ് അവാര്‍ഡ്: കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളിക്ക് അംഗീകാരം 
ടിങ്കര്‍ഹബ് ഫൗണ്ടേഷന്റെ മികച്ച ക്യാമ്പസ് അവാര്‍ഡ് കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് സ്വന്തമാക്കി. ക്യാമ്പസിലെ സജീവ പരിപാടികളും, വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്ന സമഗ്രമായ കമ്മ്യൂണിറ്റി വികസന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അംഗീകാരം. ടിങ്കര്‍ഹബ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍, കുരിയന്‍ ജേക്കബും, ബോര്‍ഡ് അംഗം  ഗോപികയും ചേര്‍ന്നാണ് അവാര്‍ഡ് കൈമാറിയത്. പ്രിന്‍സിപ്പാള്‍ ഡോ. സ്മിതാ ധരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.  
  ക്യാമ്പസ് ലീഡ് ആര്‍.ബി.അഭിമന്യു, കോ-ലീഡര്‍മാരായ ബി. അഭിജിത്ത്, ആരോണ്‍ എം. സാബു. ഔട്രിച്ച് ലീഡ് ജോഹാന്‍ ജോര്‍ജ്, വുമണ്‍ ഇന്‍ടെക് ലീഡ് മാളവിക സുനില്‍,  ഇന്റേണ്‍മാരായ ജി.കെ.ധനുഷ്, അഞ്ജിമ രമണന്‍, ആര്‍. ശ്രീഹരി എന്നിവരുടെ ശ്രമങ്ങളാണ് ശ്രദ്ധേയമായത്.ഫാക്കല്‍ട്ടി അഡൈ്വസര്‍ ഡോ. ഷാനി രാര് മേല്‍നോട്ടം വഹിച്ചു.
(പി.ആര്‍.കെ നമ്പര്‍ 598/2025)

പട്ടികവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍; മന്ത്രി ഒ.ആര്‍.കേളു കൂടിക്കാഴ്ച നടത്തും 
  പട്ടികവര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അംഗീക്യത രജിസ്റ്റേഡ് സാമുദായിക സംഘടനാ പ്രതിനിധികളുമായി  മാര്‍ച്ച് അഞ്ചിന് രാവിലെ 10.45 മണിക്ക് തിരുവനന്തപുരം, തൈക്കാട് ഗവ.ഗസ്റ്റ് ഹൗസ് ഹാളില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍.കേളു കൂടിക്കാഴ്ച നടത്തും. സംസ്ഥാനതലത്തില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകളുടെ ഓരോ പ്രതിനിധിക്ക് പങ്കെടുക്കാം. സംഘടനയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ പങ്കെടുക്കുന്ന പ്രതിനിധിയുടെ പേരുവിവരം. സ്ഥാന പദവി, ഫോണ്‍ നമ്പര്‍, പ്രസ്തുത കൂടികാഴ്ചയില്‍ നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്ന അഭിപ്രായം എന്നിവ സഹിതം മാര്‍ച്ച് ഒന്നിനകം ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാംനില വികാസ്ഭവന്‍.പി.ഒ. തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ stdd.pub@gmail.com മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0471 2302311, 0471-2303229.
  (പി.ആര്‍.കെ നമ്പര്‍ 599/2025)

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ് 
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സില്‍ (ഒരു വര്‍ഷം, ആറുമാസം, മൂന്നു മാസം) തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.
(പി.ആര്‍.കെ നമ്പര്‍ 600/2025)

ടെന്‍ഡർ
കരുനാഗപ്പള്ളി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മേശയും കസേരയും  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ച് ഉച്ചക്ക് ഒന്നിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി മത്സ്യഭവനുമായി ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍ 601/2025)

മണ്ണെണ്ണ പെര്‍മിറ്റുകള്‍ പുതുക്കണം 
കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റുകള്‍ മാര്‍ച്ച് അഞ്ചിനകം പുതുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 602/2025)

ഉത്സവമേഖല, മദ്യനിരോധനം 
കടയ്ക്കല്‍ ശ്രീദേവി ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് ക്ഷേത്രവും പരിസരപ്രദേശങ്ങളും ഉത്സവമേഖലയായും കടയ്ക്കല്‍, ചിതറ, ചടയമംഗലം പൊലീസ് സ്റ്റേഷന്‍ പരിധികള്‍ സമ്പൂര്‍ണ മദ്യനിരോധിത മേഖലയായും ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉത്തരവിട്ടു. ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്നും ശബ്ദമലിനീകരണം ഉള്‍പ്പെടെ പൊതുജനാരോഗ്യ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാനപാലനത്തിലും മദ്യനിരോധനം ഉറപ്പാക്കുന്നതിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.  
(പി.ആര്‍.കെ നമ്പര്‍ 603/2025)

ഭരണാനുമതി ലഭിച്ചു 
 വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ പുലിക്കുടി ജങ്ഷനില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് 2,43,000 രൂപ വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

എം.ബി.എ കോഴ്‌സ് പ്രവേശനം
    കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (ഫുള്‍ടൈം)   കോഴ്‌സിലെ പ്രവേശനം ഫെബ്രുവരി 28 ന് രാവിലെ 10 മുതല്‍ ഒന്ന് വരെ കൊട്ടാരക്കര അവന്നൂരിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ നടത്തും.
  സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭിക്കും.
യോഗ്യത: 50ശതമാനം   മാര്‍ക്കോടെയുള്ള ബിരുദം.   അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ്   പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്  www.kicma.ac.in, ഫോണ്‍:  9496366741, 8547618290.


ഗതാഗത നിയന്ത്രണം 
 കൊല്ലം പരവൂര്‍ തീരദേശ പാതയില്‍ മുക്കം പൊഴി  റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് മൂന്ന് മുതല്‍ ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്  ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍  അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 606/2025)

ടെന്‍ഡർ
 കുളത്തൂപ്പുഴ  സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് (ആണ്‍കുട്ടികള്‍) യൂണിഫോം, നൈറ്റ്ഡ്രസ് എന്നിവ വിതരണം ചെയ്യുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.   നിരതദ്രവ്യം: 3973രൂപ. മാര്‍ച്ച് അഞ്ചിന് ഉച്ചയ്ക്ക് മൂന്നിനകം  സമര്‍പ്പിക്കണം. ഫോണ്‍- 0475 2962021.
(പി.ആര്‍.കെ നമ്പര്‍ 607/2025)

ചുരുക്ക പട്ടിക
 വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ്  ടീച്ചര്‍ ( ഹിന്ദി, കാറ്റഗറി നമ്പര്‍ 082/2024) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 608/2025)

സാധ്യത പട്ടിക 
പട്ടികവര്‍ഗ വികസന വകുപ്പില്‍ കുക്ക് (ഫസ്റ്റ് എന്‍.സി.എ-മുസ്ലിം, കാറ്റഗറി നമ്പര്‍ 623/2023), (ഫസ്റ്റ് എന്‍.സി.എ-ധീവര, കാറ്റഗറി നമ്പര്‍ 621/2023)  തസ്തികകളുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 609/2025)

0 Comments

Headline