ഇടുക്കി : മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. വനം വകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ വെറ്റിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. നാടിനെ വിറപ്പിക്കുന്നത് മദപ്പാടിലായതുകൊണ്ടാണെന്നാണ് വനം വകുപ്പിന്റെയും നിഗമനം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെ പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.
ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി.സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്.ബിജു അറിയിച്ചു. അഞ്ചു പേരടങ്ങുന്ന സംഘം ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കും. അതേസമയം ആന നില്‍ക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ഇവ പ്രദേശവാസികള്‍ക്കും മറ്റും അലെര്‍ട് സന്ദേശങ്ങളായി എത്തുന്നുമുണ്ട്.
എന്നാല്‍ മറയൂര്‍ ഉദുമലപേട്ട അന്തര്‍ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഈ വിവരം ലഭ്യമാകുന്നില്ല. ഇത്തരത്തില്‍ സഞ്ചാരികള്‍ക്കും വിവരം ലഭ്യമായാല്‍ കഴിഞ്ഞദിവസം നടന്നതുപോലെയുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയും എന്നും അതിനാല്‍ തന്നെ രണ്ടു ദിവസത്തിനുള്ളില്‍ സഞ്ചാരികളുടെ ഫോണിലേക്ക് ഈ അലേര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്ന സംവിധാനം ഒരുക്കുമെന്നും റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
പടയപ്പയുടെ ആക്രമണത്തില്‍ ഇടുക്കിയിലെ സ്‌കൂള്‍ വാര്‍ഷികത്തിന്റെ കലാപരിപാടികള്‍ക്കു മേക്കപ്പ് ചെയ്യാനെത്തിയ തൃശൂര്‍ സ്വദേശിനിയായ ദില്‍ജ ബിജു എന്ന യുവതിക്കും മകനും പരിക്കേറ്റിരുന്നു.
0 Comments