തിരുവനന്തപുരം : വെഞ്ഞാറമൂട് സംഭവിച്ച കൊലപാതക പരമ്പര ഞെട്ടിക്കുന്നതാണെന്ന് പ്രദേശവാസികൾ. അഫാൻ ഇത്തരത്തിലൊരു ക്രൂരത നടത്തിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും പോലീസ് എത്തിയപ്പോഴാണ് സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു.
പ്രതിയായ അഫാന്റെ വീട് പൊളിച്ചാണ് പോലീസ് അകത്തേക്ക് പ്രവേശിച്ചത്. വീട്ടിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലായിരുന്നുവെന്നും പോലിസ് എത്തിയാണ് അത് ഓഫാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
മുറിവുകൾ ഗുരുതരമെന്ന് വിവരം
കൊലപാതകത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. അഫാന്റെ വീട്ടിലുണ്ടായിരുന്നവരെ ഇന്നലെയാണ് നാട്ടുകാർ അവസാനമായി കണ്ടത്. ചിലർ സഹോദരനെ പുറത്ത് കണ്ടതായി പറയപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
കൊല്ലപ്പെട്ട യുവതി ആരെന്ന് അറിയില്ല
കൊല ചെയ്യപ്പെട്ട യുവതി ആരാണെന്ന കാര്യത്തിൽ വ്യക്തമല്ല. കൊലപാതകം നടത്തിയശേഷം പ്രതിയായ അഫാൻ ഓട്ടോറിക്ഷയിൽ എത്തി നേരിട്ട് പോലിസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല
പ്രതിയായ അഫാനെക്കുറിച്ച് നാട്ടുകാരും പ്രദേശത്തെ ജനപ്രതിനിധികളും പറയുന്നു. "അഫാനെ ഞങ്ങൾ ഏറെ നാളായി അറിയുന്നവരാണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നില്ല. പൊതുവെ ആരുമായും കൂടുതൽ സംവദിക്കാറില്ലായിരുന്ന ആളാണ്," പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് പറഞ്ഞു.
അതേസമയം, പോലിസ് സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
0 Comments