ഡൽഹി : മഹാശിവരാത്രി ദിനത്തിൽ സർവകലാശാല മെസിൽ മാംസാഹാരം വിളമ്പിയതിനെ തുടർന്ന് ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി. എസ്‌എഫ്‌ഐ (SFI) - എബിവിപി (ABVP) പ്രവർത്തകരാണ് തമ്മിലടിച്ചത്.
സംഭവത്തിൽ ഇതുവരെ സർവകലാശാല അധികൃതർ പ്രതികരിച്ചിട്ടില്ല. ഡൽഹി പൊലീസ് ഏതു പക്ഷത്തുനിന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. എന്നാൽ സർവകലാശാല ആന്തരിക അന്വേഷണം ആരംഭിച്ചുവെന്നാണ് ലഭ്യമായ വിവരം.
വിദ്യാർത്ഥിനിയുടെ പരാതിയിൽ അന്വേഷണം
സംഘർഷമുണ്ടായതായി ഇന്നലെ വൈകിട്ട് 3.45ന് ഒരു വിദ്യാർത്ഥിനി മൈദൻഗരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. മർദനമേറ്റ യുവതിയാണ് വിവരമറിയിച്ചതെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഇരുവിഭാഗങ്ങളും പരസ്പര ആരോപണങ്ങളുമായി
മഹാശിവരാത്രി ദിവസം സർവകലാശാല മെസിൽ മാംസാഹാരം വിളമ്പിയതിനെ എതിർത്താണ് എബിവിപി ആക്രമണം നടത്തിയതെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇതിനെ എതിർത്തവരെ ബോധപൂർവം ആക്രമിച്ചതായി എസ്‌എഫ്‌ഐയുടെ പ്രസ്താവന.
സംഘർഷത്തിനിടെ പെൺകുട്ടികളുടെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മെസിലെ ജീവനക്കാരെയും എബിവിപി പ്രവർത്തകർ ആക്രമിച്ചുവെന്നും എസ്‌എഫ്‌ഐ ആരോപിക്കുന്നു.
മഹാശിവരാത്രി ദിനത്തിൽ ധാരാളം വിദ്യാർത്ഥികൾ വ്രതം അനുഷ്ഠിച്ചിരുന്നുവെന്നും, അവർ മതപരമായ വിശ്വാസം മാനിച്ച് സസ്യാഹാരം വേണമെന്ന് മെസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി എബിവിപി അവകാശപ്പെട്ടു. ഈ ആവശ്യപ്രകാരം മെസ് സസ്യാഹാരം ഒരുക്കിയിരുന്നുവെങ്കിലും, എസ്‌എഫ്‌ഐ പ്രവർത്തകർ നിർബന്ധിച്ച് വിദ്യാർത്ഥികൾക്ക് മാംസാഹാരം വിളമ്പാൻ ശ്രമിച്ചതാണെന്ന് എബിവിപി പ്രസ്താവനയിൽ ആരോപിച്ചു.
സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഘർഷം ഉണ്ടാക്കിയവർക്ക് എതിരെ നിയമനടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
0 Comments