Latest Posts

ദേഹത്തെന്തോ ഇരിക്കുന്നെന്ന് പറഞ്ഞ് ശരീരത്തിൽ തൊട്ടു; പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പോലീസിൻ്റെ പിടിയിൽ



ഇടുക്കി : പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവിനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ അഴയിടത്ത് സ്വദേശി നസീബിനെയാണ് (31) പിടികൂടിയത്.

ഫെബ്രുവരി 22ന് പകൽ തൊടുപുഴ ഡിഡിഇ ഓഫീസിന് സമീപം നടന്ന സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്ന് വന്ന പ്രതി തടഞ്ഞുനിര്‍ത്തി. പിന്നീട്, "ദേഹത്ത് എന്തോ ഇരിക്കുകയാണ്" എന്നുപറഞ്ഞ് അവളുടെ അനുവാദമില്ലാതെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്.

പ്രതി ചന്തക്കുന്ന് ഭാഗത്തുള്ള ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സംഭവസമയം ഇയാൾ ജോലിയിലുപയോഗിച്ചിരുന്ന സ്കൂട്ടർ ഉപയോഗിച്ചാണ് പെൺകുട്ടിയെ പിന്തുടർന്നതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

തൊടുപുഴയിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിക്കെതിരെ നേരത്തെ സമാന പരാതി ഉണ്ടെന്നും വ്യക്തമാക്കി.

തൊടുപുഴ എസ്.ഐ എൻ.എസ്. റോയി, പ്രബേഷൻ എസ്.ഐ ശ്രീജിത്, സി.പി.ഒമാരായ മുജീബ് റഹ്മാൻ, മഹേഷ്, സനൂപ്, ഷാബിൻ, അഫ്സൽ ഖാൻ, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments

Headline