banner

മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വൃക്കയ്ക്ക് തകരാറുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതല്ലെന്ന് അധികൃതർ; സ്ഥാനത്യാഗം ചെയ്യുമോയെന്ന ചർച്ചകൾക്ക് ആധികാരികതയില്ല



വത്തിക്കാൻ : കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് റോമിലെ ഗെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. എന്നാൽ, സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്നും, മാർപാപ്പയ്ക്ക് കുറഞ്ഞ അളവിൽ ഓക്‌സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി. നേരിയ വൃക്ക തകരാറുണ്ടെങ്കിലും അതു ആശങ്കപ്പെടേണ്ടതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ആരോഗ്യനിലയിൽ പുരോഗതി
മാർപാപ്പ സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും, ആശുപത്രി മുറിയിൽ എഴുന്നേറ്റു നടക്കാൻ കഴിയുന്നുണ്ടെന്നും വത്തിക്കാനിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. മാർപാപ്പ ജോലിയും പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം ഗാസയിലെ കത്തോലിക്കാ ഇടവകയിലേക്ക് ഒരു ഫോൺ സന്ദേശം അയച്ചു. ഇസ്രായേൽ-ഹമാസ് യുദ്ധകാലത്ത് അദ്ദേഹം ഇത് പതിവായി ചെയ്തിരുന്നു എന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.

ഔദ്യോഗിക തീരുമാനങ്ങൾ ഇപ്പോൾ ഇല്ല
ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 14നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടായ അണുബാധയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സങ്കീർണമാക്കിയതെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാർപാപ്പയുടെ സ്വകാര്യത കണക്കിലെടുത്ത് ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മാർപാപ്പയുടെ ആരോഗ്യനില മോശമാണെന്നതിനെ തുടർന്ന്, അദ്ദേഹം സ്ഥാനത്യാഗം ചെയ്യുമോയെന്ന ചർച്ചകളും ഉയർന്നിട്ടുണ്ട്. വിരമിച്ച ഒരു കർദിനാൾ മാർപാപ്പ സ്ഥാനം ഒഴിയാനുള്ള സാധ്യതയെ കുറിച്ച് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനങ്ങളൊന്നും വത്തിക്കാനിൽ നിന്ന് വന്നിട്ടില്ല.

Post a Comment

0 Comments