Latest Posts

ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങൾ, ഈ സിനിമകള്‍ക്ക് എങ്ങനെ സെന്‍സറിംഗ് ലഭിക്കുന്നു?; ടെലിവിഷൻ പരിപാടികളുടെയും സിനിമകളുടെയും ഉള്ളടക്കത്തിൽ വിമർശനവുമായി പ്രേംകുമാർ



തിരുവനന്തപുരം : ടെലിവിഷൻ പരിപാടികളുടെ ഉള്ളടക്കത്തെക്കുറിച്ചും അതിരൂക്ഷമായ വയലൻസ് അടങ്ങിയ സിനിമകൾക്ക് സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനെക്കുറിച്ചും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ കടുത്ത വിമർശനം ഉന്നയിച്ചു. സംസ്ഥാന ടെലിവിഷൻ അവാർഡ് സമർപ്പണ വേദിയിലാണ് പ്രേംകുമാർ തന്റെ നിലപാട് തുറന്ന് പറഞ്ഞത്. "കല കച്ചവടമായി അധഃപതിക്കുന്ന കാലമാണ് ഇത്. കലയുടെ പേരിലുള്ള വ്യാജ നിർമ്മിതികളിലൂടെ സാംസ്കാരിക വിഷം മലയാളിയെ തീണ്ടിക്കൊണ്ടിരിക്കുകയാണ്," എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രേംകുമാറിന്റെ പ്രസ്താവന ചലച്ചിത്ര, ടെലിവിഷൻ മേഖലയിൽ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിട്ടുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ചില ടിവി പരിപാടികളെക്കുറിച്ച് എന്റെ വ്യക്തിപരമായ വിയോജിപ്പ് നേരത്തെ അറിയിച്ചിരുന്നു. ആ നിലപാടിൽ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറയട്ടെ. മലയാളിയുടെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ടെലിവിഷന്‍. ടെലിവിഷന്‍ കാാഴ്ചകളില്‍ നിന്ന് മുക്തമായിട്ടുള്ള ഒരു ജീവിതം മലയാളിക്കില്ല. ചില പരിപാടികളുടെ ഉള്ളടക്കത്തിലാണ് എന്‍റെ വിയോജിപ്പ്. ഡിജിറ്റല്‍ കാലത്ത് മറ്റ് നിരവധി പ്ലാറ്റ്ഫോമുകളും ഉള്ളപ്പോള്‍ ടെലിവിഷന്‍ ഉള്ളടക്കം ഒരു നവീകരണത്തിനും ശുദ്ധീകരണത്തിനും വിധേയമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെടാനുള്ളത്.’

“സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിംഗ് സംവിധാനം ഉണ്ട്. എന്നാൽ ഈയടുത്ത് വയലൻസ് കൊണ്ട് പേരെടുത്ത ചില സിനിമകൾ സെൻസറിംഗ് നേടിയെടുക്കുന്നുണ്ട്. തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ സെന്‍സറിം​ഗ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങള്‍, അതിന്‍റെ പുതിയ ആവിഷ്കരണ രീതികള്‍ പരീക്ഷിക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് കൂടിയാണ് ഞാന്‍ പറയുന്നത്. മനുഷ്യനിലെ വന്യത ഉണർത്തുന്നു ഇത്തരം സിനിമകൾ. എങ്ങനെയാണ് സെന്‍സറിം​ഗ് സംവിധാനത്തെ മറികടന്നുകൊണ്ട് ഇത്തരം സൃഷ്ടികള്‍ പ്രദര്‍ശനാനുമതി നേടുന്നത് എന്നതുതന്നെ നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. ചില സിനിമകളെ ഉദേശിച്ചാണ് ഞാൻ പറയുന്നത്. കല പാളിപ്പോയാൽ വലിയ അപചയത്തിലേക്ക് പോകും. എന്നാല്‍ ടെലിവിഷനില്‍ സെന്‍സറിം​ഗ് സംവിധാനം ഇല്ലാത്ത അവസ്ഥയില്‍ അത് സൃഷ്ടിക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്തവും ഔചിത്യവും പാലിക്കേണ്ടതുണ്ട്. കലാപ്രവര്‍ത്തനം പാളിപ്പോയാല്‍ അത് ഒരു വലിയ ജനതയെ മൊത്തം അപചയത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിവ് കൂടി അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കലയിലൂടെ സന്ദേശം നല്‍കണം എന്നില്ല. സന്ദേശം നൽകുന്നുണ്ടെങ്കിൽ അത് നന്മയുടേതാകണം”, പ്രേംകുമാര്‍ പറഞ്ഞു.

0 Comments

Headline