കോഴിക്കോട് : താമരശ്ശേരിയിലെ ഒരു ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരിക്ക്. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഷഹബാസിനാണ് മർദനമേറ്റത്. തലച്ചോറിന് 70 ശതമാനം പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
"ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് ചടങ്ങിൽ ആരംഭിച്ച തർക്കം കൈവിട്ടു"
ഞായറാഴ്ച ട്യൂഷൻ സെന്ററിൽ യാത്രയയപ്പ് ചടങ്ങ് നടന്നപ്പോൾ, വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും താമരശ്ശേരി കൊരങ്ങാട് സ്കൂളിലെ വിദ്യാർത്ഥികളുടെയും ഇടയിൽ ഡാൻസുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായിരുന്നു. അദ്ധ്യാപകർ ഇടപെട്ട് പ്രശ്നം ശാന്തമാക്കിയെങ്കിലും, ഇന്നലെ വീണ്ടും വിദ്യാർത്ഥികൾ കൂട്ടംചേർന്ന് ട്യൂഷൻ സെന്ററിന് പുറത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു.
"മർദനമേറ്റ് വീട്ടിൽ തിരികെയെത്തിയ കുട്ടിക്ക് പിന്നീട് അവശത"
ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ സഹപാഠികളാണ് വീട്ടിൽ എത്തിച്ചത്. പുറമേ കാര്യമായ പരിക്ക് കാണാനില്ലാത്തതിനാൽ വീട്ടുകാർ കാര്യമായി പരിഗണിച്ചിരുന്നില്ല. പിന്നീട് കുട്ടിയുടെ നില വഷളായതോടെയാണ് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
0 Comments