Latest Posts

തുടർച്ചയായി മൂന്ന് മാസത്തിലധികം റാഗിങ്ങിന് ഇരകളായി; ഒന്നും അറിഞ്ഞില്ലെന്ന് ഹോസ്റ്റൽ അധികൃതരും അധ്യാപകരും; പ്രതികൾക്കെതിരെ വിദ്യാർത്ഥികൾ നൽകിയ മൊഴികൾ 'അതിക്രൂരം'; അന്വേഷണം തുടരുമ്പോൾ

കോട്ടയം : ഗവണ്‍മെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ പൊലീസ് ,അന്വേഷണം വ്യാപിപ്പിക്കും. കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചു.

തുടർച്ചയായി മൂന്ന് മാസത്തിലധികം വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരായായിട്ടും ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതാണ് ഇപ്പോഴും ദുരൂഹം. കോളേജിന്റെ പ്രിൻസിപ്പാൾ തന്നെയാണ് ഹോസ്റ്റൽ വാർഡൻ. അസിസ്റ്റന്റ് വാ‍ർഡനായ മറ്റൊരു അധ്യാപകനാണ് ഹോസ്റ്റലിന്‍റെ പൂർണചുമതല. വളരെ കുറച്ച് കുട്ടികൾ മാത്രമുളള ഹോസ്റ്റലിൽ സ്ഥിരമായി മദ്യം അടക്കം എത്തിച്ചിട്ടും നടപടികളുണ്ടായിട്ടില്ല എന്നതും പൊലീസ് സംശയത്തിന്‍റെ ആക്കം കൂട്ടുന്നു.

സീനിയർ വിദ്യാർത്ഥികളെ പേടിച്ചിട്ടാണ് ഇതുവരെ ഒന്നും പുറത്ത് പറയാതിരുന്നതെന്നാണ് പരാതിക്കാരായ വിദ്യാർത്ഥികൾ നൽകിയ മൊഴി. കോളേജിലെ മറ്റ് വിദ്യാർത്ഥികൾ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിലവിൽ കേസെടുത്തതും പ്രതികൾ റിമാന്‍റിലായതും കണക്കിലെടുത്ത് കൂടുതൽ വിദ്യാർത്ഥികൾ റാഗിങ്ങ് സംബന്ധിച്ച് തുറന്ന് പറയുമെന്നാണ് പൊലീസ് കണക്ക്കൂട്ടൽ. ഈ സാഹചര്യത്തിലാണ് കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുന്നത്.

ഹോസ്റ്റലിലെ അസിസ്റ്റന്‍റ് വാർഡനായ അധ്യാപകനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഞ്ച് പ്രതികളുടേയും മൊബൈൽ ഫോണുകൾ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. നിലവിൽ റിമാന്റിലുളള പ്രതികളെ ആവശ്യമെങ്കിൽ മാത്രമെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയുളളു. അതേസമയം ഉയർന്ന് വന്ന പരാതികൾ അന്വേഷിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചത്. അതിവേഗത്തിൽ റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നി‍ർദേശം

0 Comments

Headline