ധനമന്ത്രി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ചില എം.പിമാര്‍ ബില്ലിനെതിരെ ശക്തമായ വാദങ്ങളുന്നയിക്കുകയും ചെയ്തു.
നികുതിദായകര്‍ക്ക് എളുപ്പം മനസിലാകാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണ് അവകാശവാദം. അതേസമയം, പഴയതിനേക്കാള്‍ സങ്കീര്‍ണമാണ് പുതിയ നികുതി ബില്ലെന്ന് ആര്‍.എസ്.പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. തീര്‍ത്തും മെക്കാനിക്കല്‍ ആണ് പുതിയ ബില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയിയും കുറ്റപ്പെടുത്തി. എന്നാല്‍ എം.പിമാര്‍ തെറ്റിദ്ധരിച്ചതാണ് എന്നായിരുന്നു നിര്‍മല സീതാരാമന്റെ മറുപടി. നിയമത്തിലെ 819 സെക്ഷനുകള്‍ 536 ആയി പുതിയ നിയമത്തില്‍ കുറച്ചിട്ടുണ്ടെന്നും നിര്‍മല ചൂണ്ടിക്കാട്ടി.
നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ വിശദമാക്കിയിട്ടുള്ളത് എന്നാണ് പറയുന്നത്. പുതിയ നികുതികള്‍ ബില്ലിലില്ല. നിയമപരമായ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാണ് പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ധനകാര്യ സെക്രട്ടറി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
പഴയ നിയമപ്രകാരം മുന്‍ വര്‍ഷത്തെ (പ്രീവിയസ് ഇയര്‍) വരുമാനത്തിനാണ് വിലയിരുത്തല്‍ വര്‍ഷത്തില്‍ (അസസ്മെന്റ് ഇയര്‍) നികുതി നല്‍കുന്നത്. എന്നാല്‍, പുതിയ ബില്ലില്‍ നികുതി വര്‍ഷം (ടാക്സ് ഇയര്‍) മാത്രമേയുള്ളൂ. വിലയിരുത്തല്‍ വര്‍ഷം എന്നത് ഒഴിവാക്കി. അതുപോലെ ആധുനികകാലത്തെ മുന്നില്‍ക്കണ്ട് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോ ആസ്തികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താനും 2025ലെ ബില്ലില്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ നിയമം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
0 Comments