തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ രണ്ടുദിവസത്തിനുശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ അറിയിച്ചു. സൽമബീവി വധക്കേസിൽ പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിൽ എത്തി അഫാന്റെ അറസ്റ്റും രേഖപ്പെടുത്തി. പ്രതിയെ റിമാൻഡിന് ശേഷം മറ്റു കേസുകളിലെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണു പൊലീസ് നിലപാട്.
അഫാൻ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രാവിലെ പാങ്ങോട് പൊലീസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ അറസ്റ്റും രജിസ്റ്റർ ചെയ്തു. പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു. അഫാന്റെ രക്തപരിശോധന ഫലം ലഭിച്ചതായി പൊലീസ് അറിയിച്ചു. മദ്യം ഒഴികെ മറ്റു ലഹരി വസ്തുക്കൾ പ്രതി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായി അന്വേഷണ സംഘം വ്യക്തമാക്കി. അഫാൻ ലഹരിക്ക് അടിമയാണെന്ന ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.
അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം കുടുംബത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം എന്നതാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ മാതാവ് ഷമിയുടെ മൊഴി പൊലീസ് ഇന്നും രേഖപ്പെടുത്തിയില്ല. അന്വേഷണ സംഘം ആശുപത്രിയിൽ എത്തി കണ്ടെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിട്ടും സംസാരിക്കാൻ പ്രയാസമുള്ളതിനാൽ മൊഴിയെടുക്കൽ നീട്ടിവെച്ചു. ഷമിയുടെയും അഫാന്റെയും മൊഴി വിശദമായി എടുക്കുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും നീക്കാനാകുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
0 Comments