പൂനെ : പൂനെയിൽ നിർത്തിയിട്ടിരുന്ന സർക്കാർ ബസിൽ 26 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ദത്താത്രേയ ഗഡെ (37) ആണ് പിടിയിലായത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മോഷണം, കവർച്ച, പിടിച്ചുപറിക്കൽ തുടങ്ങി അര ഡസൻ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. ഡ്രോൺ അടക്കം ഉപയോഗിച്ച് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിൽ പൂനെ ജില്ലയിലെ ഷിരൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ബസ് കാത്തുനിൽക്കവേ ആക്രമണം
ഫെബ്രുവരി 26ന് പുലർച്ചെ ബസ് കാത്തുനിൽക്കുമ്പോഴാണ് 26 കാരിയെ ആക്രമിക്കപ്പെട്ടത്. ബസിന്റെ കണ്ടക്ടർ എന്ന വ്യാജേന പ്രതി യുവതിയെ വിശ്വസിപ്പിച്ച് കൊണ്ടുപോയതിനു ശേഷം, ആളൊഴിഞ്ഞ സ്ഥലത്തിരുന്ന മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വെച്ചായിരുന്നു ബലാൽസംഗം. യുവതി നാട്ടിലേക്ക് മടങ്ങുന്നതിനായി ബസ് കാത്തുനില്ക്കുന്നതിനിടെ, "സത്രയിലേക്കുള്ള ബസ് ഇവിടെ നിന്നല്ല വരുന്നത്" എന്ന് പറഞ്ഞ് പ്രതി യുവതിയെ നയിച്ചു. ബസ് വരുന്ന സ്ഥലം കാണിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ പാർക്കിംഗിലേക്ക് കൊണ്ടുപോയ ശേഷം ബസിനുള്ളിൽ ബലാത്സംഗം ചെയ്യുകയായിരുന്നു.
100 മീറ്റർ അകലെ പൊലീസ് സ്റ്റേഷനുണ്ടായിട്ടും ക്രൂരത
സംഭവം നടന്ന പ്രദേശത്ത് നിന്ന് വെറും 100 മീറ്റർ അകലെ ഒരു പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്നതും അത്യന്തം ഗുരുതരമായൊരു വിഷയമായി മാറി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രതിക്കായി വലവിരിച്ച പൊലീസ് 13 ഓളം അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഡ്രോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ, പ്രതിയെ വ്യാഴാഴ്ച ഷിരൂരിലെ കരിമ്പ് പാടങ്ങളിൽ നിന്നാണ് പിടികൂടിയത്.
ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
സംഭവത്തിന് ശേഷം ഒളിവിൽ പോയ ദത്താത്രേയയുടെ ഫോട്ടോ അന്വേഷണം സംഘം പുറത്ത് വിട്ടിരുന്നു. ഇയാളെ കണ്ടെത്തുന്നതിനോ, സൂചനകൾ നൽകുന്നതിനായി ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2019 മുതൽ ഒരു കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു ഇയാൾ. പ്രതിയെ പിടികൂടിയതിന് പിന്നാലെ, പൂനെ പൊലീസിന്റെ അന്വേഷണ നടപടികൾക്ക് വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.
0 Comments