Latest Posts

മുഖ്യമന്ത്രിയാകാനില്ലെന്ന് സതീശൻ; എന്തുകൊണ്ടെന്ന രാഹുലിൻ്റെ ചോദ്യത്തിന് കാരണവും നിരത്തി പ്രതിപക്ഷ നേതാവ്; എത്ര സീറ്റ് കിട്ടുമെന്ന ചർച്ചയിൽ 100 എന്ന് വി.ഡിയുടെ ഉത്തരം; 33 ശതമാനം പ്രാതിനിധ്യം വേണമെന്ന് വനിതാ നേതാക്കൾ; രണ്ടും കൽപ്പിച്ച് കോൺഗ്രസ്സ്



ന്യൂഡൽഹി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകോപിതമായ പ്രവർത്തനം തുടരണം എന്ന കാര്യത്തിൽ യുഡിഎഫിൽ ധാരണയായതായി റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച അഭിപ്രായഭിന്നതകൾ അവസാനിപ്പിക്കാനും സംഘടനാ ഏകോപനം ഉറപ്പാക്കാനും ഹൈക്കമാൻഡുമായി ചേർന്ന ചർച്ചയിലാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്ന് ഹൈക്കമാൻഡ് നേതാക്കളോട് ഉറപ്പുനൽകി. “എത്ര സീറ്റ് നേടാനാകുമെന്ന” രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന്, “100 സീറ്റ്” എന്നായിരുന്നു സതീശന്റെ മറുപടി. അതേസമയം, മുഖ്യമന്ത്രിയാകാൻ തനിക്ക് താല്പര്യമില്ലെന്ന് സതീശൻ രാഹുലിനോട് വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. എന്തുകൊണ്ട് എന്ന ചോദ്യത്തോട് സതീശൻ പ്രതികരിച്ചത് “ഈ യോഗത്തിലിരിക്കുന്നവരിൽ പലരും അതിനർഹരാണ്” എന്നായിരുന്നു.

കോൺഗ്രസിന് പരമാവധി 65 സീറ്റ്
കോൺഗ്രസിന് ഒറ്റയ്ക്കെത്ര സീറ്റ് ലഭിക്കാമെന്ന ചോദ്യം രാഹുൽ ഗാന്ധി ഉന്നയിച്ചപ്പോൾ പരമാവധി 65 സീറ്റ് നേടാമെന്ന് സതീശൻ കണക്കുകൾ മുന്നോട്ടുവച്ചു. തൊണ്ണൂറിലധികം സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. നിലവിൽ പാർട്ടിക്ക് 21 സീറ്റുകൾ ഉണ്ട്, അതോടൊപ്പം അധികമായി 44 സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ. നിയമസഭാ മണ്ഡലങ്ങളെ എ, ബി, സി ക്ലാസുകളായി തിരിച്ചാണ് പ്രവർത്തനരൂപരേഖയെന്നും, സി ക്ലാസിനെ ബി ആക്കാനും, ബിയെ എ ആക്കാനും പരമാവധി ശ്രമിക്കുമെന്നും സതീശൻ പറഞ്ഞു. എന്നാൽ, ഇത്തരം തരംതിരിവ് ഒഴിവാക്കി എല്ലാ മണ്ഡലങ്ങളിലും വിജയത്തെയാണ് ലക്ഷ്യമാക്കേണ്ടതെന്നായിരുന്നു രാഹുലിന്റെ നിർദേശം.

പാർട്ടി ആഹ്വാനങ്ങൾ
പാർട്ടി നയത്തിനെതിരെ ആർക്കും പരസ്യമായി സംസാരിക്കാൻ പാടില്ലെന്ന നിർദേശം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിനകത്തും പുറത്തും മോദിയുടെ ഫാഷിസത്തിനെതിരെ പോരാടേണ്ടത് നിർബന്ധമാണെന്നും, നരേന്ദ്ര മോദിയെയും പിണറായി വിജയനെയും പുകഴ്ത്തുന്നത് ആരായാലും അനുവദിക്കില്ല എന്നുമായിരുന്നു ഖർഗെയുടെ നിലപാട്. ശശി തരൂരിന്റെ പേര് പരാമർശിക്കാതെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ലംഘനം റിപ്പോർട്ട് ചെയ്യണമെന്ന് ദീപാ ദാസ് മുൻഷിയോട് ഖർഗെ ആവശ്യപ്പെട്ടു.

സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക
തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കായി പ്രത്യേക പ്രകടനപത്രിക തയ്യാറാക്കണമെന്ന് പ്രിയങ്കാ ഗാന്ധി നിർദേശിച്ചു. അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും പ്രത്യേക പരിഗണന നൽകണമെന്ന നിർദേശവും അവരുടെയും. നിയമസഭയിൽ സ്ത്രീകൾക്കുള്ള പ്രാതിനിധ്യം 33 ശതമാനം വരെ ഉയർത്തണമെന്ന ആവശ്യം വനിതാ നേതാക്കളായ ബിന്ദു കൃഷ്ണ, ജെബി മേത്തർ, ഷാനിമോൾ ഉസ്മാൻ എന്നിവർ ഉന്നയിച്ചു.

കെപിസിസിയിൽ ഐക്യം ഉണ്ടോ?
കേരളത്തിലെ കോൺഗ്രസിൽ ഐക്യം നിലവിലുണ്ടെന്നും, പക്ഷേ ജനങ്ങൾ അതിൽ വിശ്വാസമില്ലെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ. “ഐക്യപ്പെട്ടാൽ മാത്രം പോരാ, അത് പുറത്തറിയിക്കേണ്ടതുണ്ട്” എന്ന അഭിപ്രായം യോഗത്തിൽ മുന്നോട്ടുവന്നു. പിണറായി സർക്കാരിനെ താഴെയിറക്കേണ്ടത് അനിവാര്യമാണെന്ന നിലപാട് രമേശ് ചെന്നിത്തല പങ്കുവച്ചു. “എല്ലാം സതീശൻ പറഞ്ഞതുപോലെയാകണം, കേരളം തിരിച്ചുപിടിക്കണം” എന്ന് കെ. സുധാകരൻ വ്യക്തമാക്കി.

ജനങ്ങളോട് നീതി പുലർത്തണം
“കഴിഞ്ഞ തവണ നടന്നത് ഇത്തവണ ആവരുത്” എന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ജനങ്ങളോട് നീതി പുലർത്തണമെന്നും, ഉന്നത നേതാക്കളെന്ന നിലയിൽ ഐക്യത്തോടെയും ഏകോപിതമായ പ്രവർത്തനത്തോടെയും താഴത്തെ ഘടകങ്ങളെ നയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

നിലവിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തുമെന്ന് പാർട്ടി നേതൃത്വം ഉറ്റുനോക്കുന്നതിനിടെയാണ് ഈ ചർച്ചകൾ.

0 Comments

Headline