Latest Posts

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: ഡിവൈഎഫ്‌ഐ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും; തുക 24ന് മുഖ്യമന്ത്രിക്ക് കൈമാറും



വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ 100 വീടുകൾ നിർമിച്ച് നൽകും. നേരത്തെ 25 വീടുകൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം, എന്നാൽ അതിൽ നിന്ന് പദ്ധതി വിപുലീകരിച്ച് വീടുകളുടെ എണ്ണം 100 ആയി ഉയർത്തിയതായി സംഘടന അറിയിച്ചു. വീട് നിർമാണത്തിനാവശ്യമായ തുക ഈ മാസം 24-നു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ തുക സ്വരൂപിക്കാൻ ആക്രി ശേഖരിക്കൽ, ചായക്കട നടത്തൽ, കൂലിപ്പണികൾ, പുസ്തക വിൽപ്പന, വാഹനങ്ങൾ കഴുകൽ, മത്സ്യം പിടിച്ച് വിൽക്കൽ തുടങ്ങിയ ജോലികൾ നടത്തിയിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഈ പ്രവർത്തനം നിരവധി പേർക്ക് അഭിമാനകരമായ മാതൃകയാകുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം:
വയനാട് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന്റെ ഭീതിദമായ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. കേരളം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ച പ്രകൃതി ദുരന്തമായാണ് മുണ്ടക്കൈ – ചൂരല്‍ മല ഉരുള്‍പൊട്ടലിനെ കാലം അടയാളപെടുത്തിയത്. ഒരു രാത്രി പുലരും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു പോയവരും ഉറ്റവരെ നഷ്ടപ്പെട്ടവരും ഇന്നും കേരള മനസാക്ഷിക്ക് മുന്നില്‍ കണ്ണീരുണങ്ങാത്ത ചിത്രങ്ങളാണ്.
സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ടപ്പെട്ടവര്‍ ഇനിയെന്ത് ചെയ്യുമെന്ന് ഓര്‍ത്ത് പകച്ച് പോയ നിമിഷങ്ങള്‍. സംസ്ഥാന സര്‍ക്കാരും മറ്റ് സംവിധാനങ്ങളും മനുഷ്യരെ ചേര്‍ത്തുപിടിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തന ഘട്ടത്തിന്റെ ആദ്യ മിനുട്ട് മുതല്‍ ഡിവൈഎഫ്‌ഐ – യൂത്ത് ബ്രിഗേഡ് രംഗത്തുണ്ടായിരുന്നു. ദുരന്തം ബാധിച്ച ജനതയുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയാണ് ആദ്യമായി 25 വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും 100 വീട് നിര്‍മ്മിക്കുന്നതിലേക്ക് ആ ദൗത്യത്തെ എത്തിച്ചുവെന്ന സന്തോഷം അറിയിക്കട്ടെ.

ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികള്‍ ചെയ്തും പുസ്തകങ്ങള്‍ വിറ്റും വാഹനങ്ങള്‍ കഴുകിയും മത്സ്യം പിടിച്ച് വില്‍പന നടത്തിയുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മിക്കാനുള്ള പണം കണ്ടെത്തിയത്. പുരസ്‌കാര, ഫെലോഷിപ്പ്, ശമ്പള തുകകള്‍ സംഭാവന ചെയ്തും വിവാഹ ചടങ്ങുകള്‍ക്ക് മാറ്റിവച്ച തുക തന്നും, ആഭരണങ്ങള്‍ ഊരി തന്നും, ഭൂമി സംഭാവന ചെയ്തും ആട്, പശു ഉള്‍പ്പെടുന്ന വളര്‍ത്ത് മൃഗങ്ങളെ തന്നും സുമനസുകള്‍ ഈ ഉദ്യമത്തിനൊപ്പം കൈകോര്‍ത്തു. നാടിനുവേണ്ടി ഡിവൈഎഫ്‌ഐ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ബൃഹത്തായ ഈ ഉദ്യമം പുതുചരിത്രം കുറിച്ചു. നമ്മള്‍ വയനാട് പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധാരണാ പത്രവും സമാഹരിച്ച തുകയും കൈമാറുന്ന ചടങ്ങ് മാര്‍ച്ച് 24ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 5 മണിക്ക് നടക്കും. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. യൂത്ത് ബ്രിഗേഡ് സംഗമവും നടക്കും. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ഉദ്യമം വിജയിപ്പിക്കാന്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി.

0 Comments

Headline