കാസർഗോഡ് : മഞ്ചേശ്വരത്ത് മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് കേസുകളിലാണ് ഇവർ പിടിയിലായത്. ആദ്യ കേസിൽ, 13 ഗ്രാം എംഡിഎംഎയും, അതിൽ നിന്ന് വിറ്റുകിട്ടിയ ഏഴ് ലക്ഷം രൂപയുമായി രണ്ടു പേരെ മഞ്ചേശ്വരത്തെ ഒരു ലോഡ്ജിൽ നിന്ന് പൊലീസ് പിടികൂടി. അറസ്റ്റിലായവർ മഞ്ചേശ്വരത്തെ അൻവർ, കർണാടക സ്വദേശി മുഹമ്മദ് മൻസൂർ എന്നിവരാണെന്ന് പൊലീസ് അറിയിച്ചു.
രണ്ടാമത്തെ കേസിൽ, ഉപ്പള റെയിൽവേ ഗേറ്റ് പരിസരത്ത് 7.06 ഗ്രാം എംഡിഎംഎയുമായി സി.എ. മുഹമ്മദ് ഫിറോസ് പൊലീസ് പിടിയിലായി. മൂന്നാം കേസിൽ, കുഞ്ചത്തൂർ പദവിൽ വെച്ച് 4.67 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച മഞ്ചേശ്വരം സ്വദേശി അല്ലാമ ഇഖ്ബാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. കടയിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായും ജീവനക്കാരനായ തൃക്കുന്നപ്പുഴ സ്വദേശി അനിയെ പൊലീസ് അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ കേസുകളിലും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
0 تعليقات