അഞ്ചാലുംമൂട് : അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടിസം ബാധിച്ച 14-കാരനെ അയൽക്കാരൻ പീഡനത്തിന് ഇരയാക്കിയതായി പരാതി. സംസാരിക്കാൻ പ്രയാസമുള്ള കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതിനെ തുടർന്ന് കുടുംബം ചോദിച്ചറിഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ബന്ധുക്കൾ ഇയാൾക്കെതിരെ അഞ്ചാലുംമൂട് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അയൽക്കാരനെതിരെ പരാതി സ്വീകരിച്ചതായും പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും അഞ്ചാലുംമൂട് പോലീസ് അഷ്ടമുടി ലൈവിനോട് സ്ഥിരീകരിച്ചു. കുട്ടിയുടെ മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരുകയാണെന്നും വിവരം സി.ഡബ്ള്യൂ.സിക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. ആരോപണ വിധേയൻ്റെ വീട്ടിൽ പോയ ശേഷം തിരികെ വീട്ടിലെത്തിയ കുട്ടി അസ്വസ്തത പ്രകടിപ്പിക്കുന്നത് കുടുംബം ശ്രദ്ധിച്ചിരുന്നു. തുടർന്ന് കുട്ടിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. കുട്ടിയുടെ ദേഹം പരിശോധിച്ചപ്പോൾ കണ്ടെത്തിയ പാടുകൾ മനസ്സിലായ വിവരങ്ങൾ കൂടുതൽ സാധൂകരിച്ചു. തുടർന്ന് ബന്ധുക്കൾ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആരോപണ വിധേയനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾ പരാതി നിഷേധിച്ചതായും വിവരമുണ്ട്. കേസ് രജിസ്റ്റർ ചെയ്ത ശേഷം വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം.
0 Comments