ഹയർ സെക്കൻഡറി രണ്ടാം വർഷ മലയാളം ചോദ്യപേപ്പറിൽ നിരവധി അക്ഷരത്തെറ്റുകൾ കണ്ടെത്തി. 14 അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത് എന്നാണ് അധ്യാപകരുടെ പരാതി. അക്ഷരപിശകുകൾ മാത്രമല്ല, പ്രയോഗങ്ങളിലും വ്യാകരണത്തിലും പിഴവുകൾ ഉണ്ടായിരുന്നുവെന്നും വിമർശനം ഉയരുന്നു. ചോദ്യപേപ്പറിൽ 'താമസം' എന്നതിന് പകരം 'താസമം', 'കാതോർക്കും' എന്നതിന് പകരം 'കാരോർക്കും' എന്നിങ്ങനെ തെറ്റായ പദപ്രയോഗങ്ങളാണ് ഉണ്ടായിരുന്നത്. ഒ.എൻ.വി. കുറുപ്പിന്റെ ഒരു കവിതയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി.
ഇതുകൂടാതെ, 'സച്ചിനെക്കുറിച്ച്' എന്നതിനു പകരം 'സച്ചിനെക്കറിച്ച്' എന്ന പദം ചോദ്യപേപ്പറിൽ അച്ചടിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ ചോദ്യങ്ങളിൽ അക്ഷരപിശകുകൾ കടന്നുകൂടിയതോടൊപ്പം, വ്യാകരണ, പ്രയോഗ പിശകുകളും കണ്ടെത്തിയിട്ടുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 3ന് ആരംഭിച്ചു. 4,44,693 വിദ്യാർത്ഥികളാണ് ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്നത്. പരീക്ഷകൾ മാർച്ച് 26നാണ് അവസാനിക്കുന്നത്.
0 Comments