Latest Posts

തിരിച്ചറിയൽ കാർഡ് ചോദിച്ച സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച് യുവാവ്; പിന്നാലെ പോലീസ് വണ്ടിയും അക്രമിച്ചു; 24 കാരനെ പിടികൂടിയത് കൂടുതൽ പോലീസുകാരെത്തി



കൊച്ചിയിൽ പൊലീസ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിൽ ലക്ഷദ്വീപ് സ്വദേശി അറസ്റ്റിൽ. 24 കാരനായ ഹമീം ത്വയ്യിബിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം കഴിഞ്ഞ ദിവസമാണ് നടന്നത്. എളമക്കര സ്റ്റേഷനിൽനിന്ന് നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ എസ്ഐ കൃഷ്ണകുമാറും എസ്‌സിപിഒ ശ്രീജിത്തും പുലർച്ചെ 1.30 ഓടെ ഇടപ്പള്ളി പാലസ് റോഡിൽ എച്ച്ഡിഎഫ്സി ബാങ്കിന് സമീപം ഒരു യുവാവിനെ ബൈക്കിൽ ഇരിക്കുന്നതായി കണ്ട് കാര്യങ്ങൾ പരിശോധിക്കാനെത്തുകയായിരുന്നു.

പോലീസ് 'ഈ സമയത്ത് ഇവിടെ എന്തിന് നിൽക്കുന്നു?' എന്ന് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, കൂടാതെ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലായതിനാൽ ഐഡി പ്രൂഫ് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് യുവാവ് യാതൊരു പ്രകോപനവുമില്ലാതെ എസ്ഐ കൃഷ്ണകുമാറിന്റെ മുഖത്തടിച്ചത്.

ശ്രീജിത്ത് ഇടപെട്ടപ്പോൾ പ്രതി ഇദ്ദേഹത്തെയും ഉപദ്രവിച്ച ശേഷം കല്ല് എടുത്ത് വീശുകയും, പൊലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. പോലീസ് കൺട്രോൾ റൂമിലേക്ക് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് കൂടുതൽ വാഹനങ്ങളിൽ എത്തിയ പൊലീസ് സംഘം യുവാവിനെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലേക്ക് മാറ്റി. എളമക്കര വികാസ് റോഡിലാണ് ഹമീം ത്വയ്യിബ് താമസിക്കുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥർ ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി.

പോലീസിനെ ആക്രമിച്ചതിനും വാഹനത്തിന് കേടുപാട് വരുത്തിയതിനും യുവാവിനെതിരെ കേസ് എടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

0 Comments

Headline