Latest Posts

കൊല്ലത്ത് ഇരുപതുകാരൻ 45-കാരനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പോലീസിനോട്; അക്രമം പ്രതിയെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചതിന് പിന്നാലെ



മദ്യലഹരിയിലായിരുന്ന യുവാവിൻ്റെ വെട്ടേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം. കൊല്ലം മൺറോതുരുത്തിലാണ് സംഭവം. കിടപ്രം സ്വദേശി സുരേഷ് (45) ആണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ പ്രതി അമ്പാടി(20)യെ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മൺറോതുരുത്ത് കിടപ്രംവടക്ക് ലക്ഷം വീട് കാട്ടുവരമ്പിൽ അമ്പാടി ആണ് നാട്ടുകാരനായ സുരേഷിനെ വെട്ടിയത്. 

അമ്പാടിയുടെ വീടിന് മുന്നിൽ വച്ച് രാത്രിയായിരുന്നു കൊലപാതകം. മദ്യലഹരിയിൽ ആയിരുന്നു അമ്പാടി. പടിഞ്ഞാറേകല്ലട കല്ലുംമൂട്ടിൽ ചെമ്പകത്തുരുത്ത് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പറയെടുപ്പിനിടെ അമ്പാടി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. 

തുടര്‍ന്ന് അമ്പാടിയെ നാട്ടുകാർ ക്ഷേത്രവളപ്പിൽ നിന്ന് ഓടിച്ചു വിടുകയായിരുന്നു. ശേഷം സമീപത്തെ റെയിൽവേ ട്രാക്കിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്പാടിയെ സുരേഷും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു.

വീട്ടിലെത്തിയ ഉടൻ തന്നെ അമ്പാടി വെട്ടുകത്തിയുമായെത്തി സുരേഷിനെ വെട്ടുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുരേഷിൻ്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

0 Comments

Headline