Latest Posts

'50 രൂപക്ക് പെട്രോൾ ചോദിച്ചു, അടിക്കാൻ തുടങ്ങവെ തുക മാറ്റി പറഞ്ഞു'; പെട്രോൾ പമ്പ് ജീവനക്കാരന് ബൈക്കിലെത്തിയ ഗുണ്ടാസംഘത്തിൻ്റെ ക്രൂര മർദ്ദനം; അന്വേഷണം



ഒറ്റപ്പാലം : വാണിയംകുളം പെട്രോൾ പമ്പിൽ ബൈക്കിലെത്തിയ ഗുണ്ടാസംഘം ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവം പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പമ്പ് ജീവനക്കാരൻ പനമണ്ണ സ്വദേശി ഷമീമിന് മർദനമേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു ആക്രമണം. മൂന്നു പേർ ഒരു ബൈക്കിൽ പമ്പിലെത്തുകയും 50 രൂപക്ക് പെട്രോൾ അടിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ജീവനക്കാരൻ പെട്രോൾ അടിക്കാൻ ശ്രമിക്കുമ്പോൾ സംഘത്തിലെ രണ്ടുപേർ തുക മാറ്റി മാറ്റിപ്പറയുകയായിരുന്നു.

എത്ര രൂപക്കാണ് പെട്രോൾ അടിക്കേണ്ടതെന്ന് തീരുമാനിച്ചശേഷം അടിച്ചുതരാമെന്ന് ജീവനക്കാരൻ പറഞ്ഞതോടെ സംഘം പ്രകോപിതരാവുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബൈക്കിന്റെ പിന്നിലിരുന്നയാൾ ഇറങ്ങിവന്ന് ജീവനക്കാരനെ മുഖത്ത് ക്രൂരമായി മർദിച്ചു.

കോലാഹലം കേട്ടു സമീപത്തുണ്ടായിരുന്ന ചിലർ പമ്പിലേക്ക് എത്തിയതോടെ അക്രമി ബൈക്കിൽ കയറി സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പമ്പ് ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയിൽ പെട്രോൾ പമ്പുകളിലെ ആക്രമണങ്ങൾ വർധിച്ചുവരുന്നതായി ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നടത്തിയ വാർഷിക പൊതുയോഗത്തിൽ നേരത്തെ ചർച്ചയായിരുന്നു.

0 Comments

Headline