തിരുവനന്തപുരം : ശതകോടികളുടെ ക്രിപ്റ്റോ തട്ടിപ്പിൽ ഉൾപ്പെട്ട രാജ്യാന്തര കുറ്റവാളി അലക്സേജ് ബെസിയോക്കോവിനെ സിബിഐക്ക് കൈമാറി. ഇന്റർപോൾ നിർദേശപ്രകാരം കേരളാ പൊലീസ് വർക്കലയിൽ നിന്നാണ് ലിത്വാനിയൻ പൗരനായ അലക്സേജിനെ അറസ്റ്റു ചെയ്തത്.
വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ചൊവ്വാഴ്ച വർക്കലയിലെ ഹോംസ്റ്റേയിൽ നിന്ന് അലക്സേജിനെ പൊലീസ് പിടികൂടിയത്. പോലീസുകാരന് കൈക്കൂലി വാഗ്ദാനം ചെയ്ത് രക്ഷപ്പെടാൻ ഇയാൾ ശ്രമം നടത്തിയെങ്കിലും വർക്കല പൊലീസ് സംഘം തന്ത്രപരമായി കൈകാര്യം ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തു.
അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അന്താരാഷ്ട്ര കുറ്റവാളിയാണ് അലക്സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്കും സൈബർ കുറ്റവാളികൾക്കും കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയതാണയാളുടെ പ്രധാന കുറ്റം. "ഗാരന്റക്സ്" എന്ന ക്രിപ്‌റ്റോകരൻസി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനാണ്. അലക്സേജിനൊപ്പം ഗാരന്റക്സ് സഹസ്ഥാപകനായ റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദക്കെതിരെയും സമാന കുറ്റത്തിന് യു.എസ്. ഏജൻസികൾ കേസെടുത്തിരുന്നു.
അമേരിക്കയുടെ അഭ്യർത്ഥനപ്രകാരം ഡൽഹിയിലെ പട്യാല ഹൗസ് കോടതി അലക്സേജിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പട്യാല ഹൗസ് കോടതിയുടെ നിർദേശപ്രകാരം വർക്കലയിൽനിന്ന് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
0 Comments