ആലപ്പുഴ : വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത ബിജെപി നേതാവും സഹായിയും അറസ്റ്റിൽ. ചെങ്ങന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശികളായ രണ്ടു പേരെ പിടികൂടിയത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂർ ഡിവിഷൻ അംഗവും മഹിളാ മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) കൂടാതെ കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാം നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാർച്ച് 14ന് രാത്രിയിലാണ് വിനോദിന്റെ എടിഎം കാർഡും മറ്റ് രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. എടിഎം കാർഡിനോടൊപ്പം പിൻ നമ്പർ എഴുതിയിരുന്നതായി പരാതിയിൽ പറയുന്നു. പേഴ്സ് സലിഷ് മോനാണ് കണ്ടെത്തിയത്, ഇതു സുജന്യയെ അറിയിച്ച ശേഷം ഇരുവരും ചേർന്ന് മാർച്ച് 15ന് രാവിലെ 6 മണിയുടേയും 8 മണിയുടേയും ഇടയിൽ ബുധനുർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്ന് 25,000 രൂപ പിൻവലിക്കുകയായിരുന്നു.
പണം പിൻവലിച്ച വിവരം മൊബൈൽ സന്ദേശത്തിലൂടെ ലഭിച്ചതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സുജന്യയും സലിഷുമൊടൊപ്പം സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ വിവരങ്ങൾ കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ ഇരുവരെയും പൊലീസ് പിടികൂടി. തുടര്‍ന്ന് കല്ലിശ്ശേരി റെയിൽവേ മേൽപ്പാലത്തിനു സമീപത്ത് ഉപേക്ഷിച്ച നിലയിൽ എടിഎം കാർഡും കണ്ടെത്തി. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
0 Comments