കൊല്ലം : കൊല്ലം ജില്ലയിലെ പുതുതായി നിർമിച്ച പൊലീസ് കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര, ചിതറ പൊലീസ് സ്റ്റേഷനുകൾക്കായി നിർമിച്ച പുതിയ കെട്ടിടങ്ങളും ആശ്രാമത്ത് നിർമാണം പൂർത്തിയാക്കിയ കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്ററുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
സൈബർ സുരക്ഷാ രംഗത്ത് കേരള പൊലീസ് രാജ്യത്തിനുതന്നെ മാതൃകയാകുന്നതായും നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് കൂടുതൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയായ 30 പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കൂടാതെ, ആറ് പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ചടങ്ങിന്റെ ഭാഗമായിരുന്നു.
കൊട്ടാരക്കരയിൽ 2.5 കോടി രൂപയുടെ പദ്ധതികൾ
കൊട്ടാരക്കരയിൽ 2.5 കോടി രൂപ ചെലവിൽ 7600 ചതുരശ്രയടി വിസ്തൃതിയുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചു. ഇത് പൊലീസ് സേനയ്ക്ക് കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷനായ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സൈബർ തട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സംസ്ഥാന പൊലീസ് നിർണ്ണായകമായ നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, മുനിസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, ഡി.ഐ.ജി എസ്. അജിതാബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അഭിലാഷ്, എസ്. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ. രശ്മി, ബ്രിജേഷ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
ചിതറ പൊലീസ് സ്റ്റേഷനിൽ 2 കോടി രൂപയുടെ ബഹുനില കെട്ടിടം
ചിതറ പൊലീസ് സ്റ്റേഷനായി 2 കോടി രൂപ ചെലവിൽ 5580 ചതുരശ്രയടി വിസ്തൃതിയുള്ള ബഹുനില കെട്ടിടമാണ് നിർമിച്ചത്. ചിതറയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം ജെ. നജീബത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ആശ്രാമത്ത് കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം
ആശ്രാമത്ത് നിർമാണം പൂർത്തിയായ കസ്റ്റോഡിയൽ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും ഇതേ ചടങ്ങിന്റെ ഭാഗമായിരുന്നു. എം. മുകേഷ് എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ മേയർ ഹണി, ഡെപ്യൂട്ടി മേയർ എസ്. ജയൻ, ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ, അഡീഷണൽ എസ്.പി എൻ. ജിജി, എ.എസ്.പിമാരായ അഞ്ജലി ഭാവന, എസ്. ഷെരീഫ്, എ. പ്രദീപ് കുമാർ, എ. നസീർ എന്നിവർ പങ്കെടുത്തു.
കുറ്റകൃത്യ പ്രവണതയിൽ കുറവ് വരുത്താൻ നടപടികൾ
സമൂഹത്തിൽ, പ്രത്യേകിച്ചും യുവതലമുറയിൽ, കുറ്റകൃത്യ പ്രവണത വർധിച്ചുവരുന്നതായി നിരീക്ഷിച്ചിരിക്കുന്നതായും ഇതിന്റെ കാരണം വിശദമായി പഠിക്കാൻ പൊലീസ് മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നൂറുദിന പദ്ധതിയിലടക്കം ചെയ്യുന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് കൂടുതൽ പൊലീസ് സ്റ്റേഷനുകൾ നവീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
0 Comments