തെന്മല : ആര്യങ്കാവിലെ ലോഡ്ജ് മുറിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് തലയ്ക്ക് ഗുരുതര പരിക്ക്. ആര്യങ്കാവ് തെങ്ങുവിള വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശികളായ രാധാകൃഷ്ണൻ, ഗിരീഷ്, ഷൈജു, ആര്യങ്കാവ് സ്വദേശി സാജൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ലോഡ്ജിൽ സംഘർഷമുണ്ടായത്. തൃശൂർ സ്വദേശികളടങ്ങിയ അഞ്ചംഗ സംഘം സ്ഥിരമായി ഇവിടെ എത്തി മുറിയെടുക്കുന്നവരായിരുന്നു. മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും, ഒരാൾ ബിജുവിന്റെ തലയ്ക്ക് കസേര കൊണ്ട് അടിക്കുകയും ചെയ്തു.
നിലവിളി കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ച ശേഷം പ്രതികളെ തടഞ്ഞുവെച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എന്നാല്‍ ബിജുവിന് തലയ്ക്കടിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ രാജശേഖരൻ, എ.എസ്.ഒ റോയ്മോൻ, സി.പി.ഒമാരായ വിഷ്ണു, അരുൺ, അനിമോൻ, മനു, സംഗീത്, അഭിജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments