Latest Posts

ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ സമരം; സെക്രട്ടേറിയറ്റിന് മുന്നിലെ ആശാവർക്കേഴ്സ് സമരം 34-ാം ദിവസത്തിലേക്ക്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച ആശാവർക്കേഴ്സ് നടത്തുന്ന സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം ഇന്ന് 34-ാം ദിവസത്തിലേക്ക് പ്രവേശിച്ചു. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റന്നാൾ സെക്രട്ടറിയേറ്റ് ഉപരോധം നടത്താനാണ് ആലോചിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സമരപന്തലിലെത്തി ആശാവർക്കേഴ്സിന് പിന്തുണ അറിയിച്ചു. എന്നാൽ, ഇതുവരെ ആശാവർക്കേഴ്സുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറായിട്ടില്ല. ഫണ്ട് അനുവദിച്ചതിനെ ചൊല്ലിയുള്ള കേന്ദ്ര-സംസ്ഥാന തർക്കം ഉടൻ പരിഹരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. കേന്ദ്രം ഇൻസെന്റീവ് കൂട്ടുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും, സംസ്ഥാന സർക്കാർ ഇതുവരെ വിട്ടുവീഴ്ചയ്ക്കില്ല.

ആറ്റുകാൽ പൊങ്കാലയോടൊപ്പം സങ്കടപ്പൊങ്കാല സമർപ്പിച്ച ആശാവർക്കേഴ്സിന് വലിയ പൊതുപിന്തുണ ലഭിച്ചിരുന്നു. ഈ ശക്തിയോടെ സമരം അടുത്ത ഘട്ടത്തിലേക്ക് നീക്കുന്നതിന്റെ ഭാഗമായി സെക്രെട്ടറിയേറ്റ് ഉപരോധം നടത്താനാണ് തീരുമാനം. ആശാവർക്കേഴ്സിന്റെ ധനസഹായം ഉയർത്തണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നേരത്തെ ശിപാർശ ചെയ്തതും സമരക്കാർ ആവർത്തിച്ചു.

0 Comments

Headline