പാലക്കാട് : മണ്ണാർക്കാട് കോട്ടോപ്പാടത്ത് മലമാനെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ കുഞ്ഞയമു, റാഫി എന്നിവരാണ് കീഴടങ്ങിയത്. മാനിനെ കൊന്നതിന് തെളിവുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവരും കീഴടങ്ങിയത്. റാഫിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം മാനിന്റെ ഇറച്ചിയും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ വെടിവെച്ച സ്ഥലവും വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.
കരടിയോട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ റബ്ബർ തോട്ടത്തിലാണ് മൂന്ന് വയസ്സായ മലമാനിനെ വെടിവെച്ചത്. തുടർന്ന് റാഫിയുടെ ഒഴിഞ്ഞ വീട്ടിൽ ഇറച്ചി പാകം ചെയ്ത് ഇരുവരും തമ്മിൽ പങ്കിട്ടെടുത്തതാണെന്ന് പ്രതികൾ സമ്മതിച്ചു. കേസിൽ മറ്റ് പ്രതികൾ ആരൊക്കെയെന്ന് കണ്ടെത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്ക് കഠിനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
0 Comments