കുന്നംകുളം : കുന്നംകുളം പെരുമ്ബിലാവിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ "കൂത്തൻ" എന്നറിയപ്പെടുന്ന അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്.
കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്നയാളുമായ അക്ഷയ് രാത്രി 8.30ഓടെയാണ് ആക്രമിക്കപ്പെട്ടത്. അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയിയും ബാദുഷയുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ സമീപത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. അക്ഷ, ലിഷോ, ബാദുഷ എന്നിവർ സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു. കഞ്ചാവ് വിൽപ്പന സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ലിഷോയിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ബാദുഷ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാൾ ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്.
അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
0 Comments