banner

ബഹിരാകാശ ജീവിതത്തിന് വിരാമം: സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലെത്തി



ഫ്‌ളോറിഡ : ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ജീവിതത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് നാലുപേർ സഞ്ചരിച്ച സ്പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം മെക്‌സിക്കോ ഉൾക്കടലിൽ ലാൻഡ് ചെയ്തത്. ഇതിന് പിന്നാലെ സ്‌പേസ് റിക്കവറി കപ്പൽ പേടകത്തിന് സമീപത്തേക്ക് എത്തി, ബഹിരാകാശ സഞ്ചാരികളെ പുറത്തെത്തിച്ചു. കുറച്ച് സമയം നിവർന്നുനില്ക്കാൻ അനുവദിച്ച ശേഷമാണ് സുനിതയെയും ബുച്ചിനെയും സ്ട്രെച്ചറിൽ കപ്പലിലേക്ക് മാറ്റിയത്.

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ബുധനാഴ്ച പുലർച്ചെ 2.36-ഓടെ ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകളുള്ള ട്രങ്ക് ഭാഗം വേർതിരിച്ചു. 2.41-ഓടെ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാൻ അന്തിമ എഞ്ചിൻ ജ്വലനം നടത്തി, തുടർന്ന് ലാൻഡിംഗ് പാത ഉറപ്പാക്കി. മൂന്നു മണിക്കൂറിനുള്ളിൽ മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്ത് ലാൻഡിംഗും പൂർത്തിയായി. എംവി മേഗൻ എന്ന സ്‌പേസ് എക്‌സ് കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും, കൂടാതെ നിക്ക് ഹേഗിനെയും അലക്സാണ്ടർ ഗോർബുനോവിനെയും കരയിലെത്തിച്ചു.

ഡ്രാഗൺ പേടകത്തിലെ പ്രധാന യാത്രക്കാരായിരുന്നു സുനിതയും ബുച്ചും. പൈലറ്റ് സ്ഥാനത്ത് നിക് ഹേഗും, കമാൻഡർ സ്ഥാനത്ത് അലക്സാണ്ടർ ഗോർബുനോവും ആയിരുന്നു. സുനിതയും ബുച്ചും ബോയിങ്ങ് സ്റ്റാർലൈനർ പേടകത്തിലൂടെയാണ് ബഹിരാകാശത്തേക്ക് പോയത്. 2024 ജൂണിൽ, ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ മനുഷ്യസഞ്ചാര പരീക്ഷണത്തിന്റെ ഭാഗമായാണ് ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഒരു ആഴ്ചയ്ക്കുള്ളിൽ മടങ്ങിയെത്താനായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ, സ്റ്റാർലൈനറിന്റെ സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര നീണ്ടുപോയി.

ഉചിതമായ ബദൽ പദ്ധതിയൊരുക്കുന്നതുവരെ ഇരുവരും ഐഎസ്എസിൽ തുടരേണ്ടിവന്നു. എലോൺ മസ്‌കിന്റെ സ്പേസ് എക്‌സ് സഹായത്തോടെ നാസ അവരുടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റൺ നാസയുടെ ജോൺസൺ സ്‌പെയ്സ് സെന്ററിലേക്ക് മാറ്റി വൈദ്യപരിശോധന നടത്തും. ബഹിരാകാശത്തിൽ നാളുകളോളം ഗുരുത്വാകർഷണമില്ലാതെ കഴിഞ്ഞതിനെ തുടർന്ന്, ഭൂമിയിലെ ഗുരുത്വാകർഷണത്തിനോട് വീണ്ടും പൊരുത്തപ്പെടുന്നതിനുള്ള പ്രത്യേക ചികിത്സയും അവർക്കു ലഭ്യമാക്കും.

Post a Comment

0 Comments