Latest Posts

ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ വെടിവെച്ചു കൊന്ന സംഭവം: കൊല അവിഹിതബന്ധം എതിർത്തതിനെ തുടർന്നെന്ന് സൂചന; സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് ഫേസ്ബുക്ക് പോസ്റ്റ്; നാട്ടുകാരോട് അവസാനം പറഞ്ഞത് 'എല്ലാം പറയാം' എന്ന്


കണ്ണൂർ : കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ കെ.കെ. രാധാകൃഷ്ണനെ (55) വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായെന്ന് സൂചന. വ്യാഴാഴ്ച വൈകീട്ട് 6.30ന് ആണ് കൊലപാതകം നടന്നത്. രാധാകൃഷ്ണന്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ വച്ചായിരുന്നു വെടിവയ്പ്. പെരുമ്പടവം സ്വദേശി എന്‍.കെ. സന്തോഷ് ആണ് കേസിലെ പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല നടത്തുന്നതിന് മുമ്പും ശേഷവും ഇയാള്‍ ഫെയ്സ്ബുക്കില്‍ ഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. കൊലപാതകത്തിന് നാടൻ തോക്കാണ് ഉപയോഗിച്ചത്. ഇതിനുള്ള ലൈസൻസ് ഉണ്ടോ എന്ന കാര്യത്തിൽ പോലീസ് ഇപ്പോഴും പരിശോധന നടത്തുന്നുണ്ട്. വെടിയൊച്ച കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെ കണ്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവ സ്ഥലത്ത് നിന്ന് തോക്കിന്റെ ചില ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ്' എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഈ ചിത്രം. പിന്നീട് 7.27ന് മറ്റൊരു പോസ്റ്റും ഇട്ടു: 'നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും... പക്ഷെ എന്റെ പെണ്ണ്... നിനക്ക് മാപ്പില്ല...' അതിനു മുൻപ് രാവിലെ 9.52ന് മറ്റൊരു പോസ്റ്റും ഇട്ടിരുന്നു: 'ചില തീരുമാനങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടായിരിക്കും. എന്നാൽ നമ്മൾ അതിനെ തിരിച്ചറിയുന്നതിൽ വൈകാം. അവസാനം മനസിലാക്കുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരിക്കും...' പ്രതിയായ സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള ബന്ധം രാധാകൃഷ്ണന്‍ എതിര്‍ത്തിരുന്നതായാണ് പോലീസ് പ്രാഥമിക നിഗമനം. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ക്ലാസ്മേറ്റ്സായിരുന്നു. ഇവരുടെ പരിചയം കുടുംബബന്ധം ബാധിച്ചതിനെ തുടർന്ന് രാധാകൃഷ്ണൻ ഇതിനോട് കടുത്ത എതിർപ്പു പ്രകടിപ്പിച്ചിരുന്നു. രാധാകൃഷ്ണന്‍റെ വീടിന്റെ നിർമാണപ്രവൃത്തി ഏറ്റെടുത്ത് നടത്തിയത് സന്തോഷ് തന്നെയായിരുന്നു. തുടർന്നും പക ഉടലെടുത്തതിനെ സംബന്ധിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

കൊലപാതക സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പരിയാരം പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന. ഇയാളെ പിടികൂടിയതിന് ശേഷം 'എല്ലാം പറയാം' എന്ന് പറഞ്ഞതായും പ്രദേശവാസികൾ പ്രതികരിച്ചു. പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിവരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെ നിന്നാണ് ലഭിച്ചത്, മറ്റ് സഹായികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.


0 Comments

Headline