കോഴിക്കോട് നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് സംഭവം. പ്ലസ് വൺ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ നാലു സീനിയർ വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ച ഉണ്ടായ സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പരാതി നൽകിയിട്ടില്ല. അതിനാൽ, പൊലീസിന് റാഗിങ് എന്ന വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യാനായില്ല.
വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേകാൽ മണിയോടെ പ്ലസ് വൺ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിയെ സ്കൂളിന് സമീപം തടഞ്ഞുവെച്ച് ബട്ടൺ ഇട്ടില്ലെന്നും താടി വളർത്തിയതിനെ ചോദ്യം ചെയ്തും മർദനമേറ്റുവെന്നാണ് പരാതി. മുഖത്ത് അടിക്കുകയും തല പിടിച്ച് ചുമരിലിടിക്കുകയും ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിക്ക് പരിക്കേറ്റു.
സംഭവം അന്വേഷിച്ച പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 126(2), 115(2), 118(1), 3(5) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, സ്കൂൾ അധികൃതർ ഇതുവരെ പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. റാഗിങ് തടയുന്നതിനായി കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും, സ്കൂളിന്റെ ഭാഗത്ത് നിന്നുള്ള നടപടിയില്ലായ്മയെ ചോദ്യം ചെയ്യുന്നവരും ഉണ്ട്. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം തുടരുകയാണ്.
0 Comments