കൊല്ലം : കടയ്ക്കലിൽ തുടയന്നൂർ മണലുവട്ടത്ത് ഉത്സവം കണ്ടു മടങ്ങിയ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണലുവട്ടം സ്വദേശികളായ സഹോദരന്മാരായ ഷൈജു (32), റിജു (30) എന്നിവരെയാണ് കടയ്ക്കൽ പൊലീസ് പിടികൂടിയത്.
സംഭവം കഴിഞ്ഞ ഫെബ്രുവരി 25-ന് രാത്രി തുടയന്നൂർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മണലുവട്ടം കാത്തിരിപ്പുകേന്ദ്രത്തിലിരുന്ന ഷംനാദ്, സജീർ, ഉസ്മാൻ എന്നിവരെ ഇരുമ്പുകമ്പിയും ബിയർ കുപ്പികളും ഉപയോഗിച്ച് ആക്രമിച്ച് മൂന്നംഗസംഘമായ പ്രതികൾ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം നടത്തുകയായിരുന്നു.
കേസിലെ മൂന്നാമത്തെ പ്രതി റൈജു ഒളിവിലാണ്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണുള്ളത്. സംഭവത്തിന്റേതായ വൈരാഗ്യം ഷംനാദിന്റെ ഹോട്ടലിൽ നേരത്തെ ജീവനക്കാരനായിരുന്ന ഷൈജുവിനെ പിരിച്ചുവിട്ട് പകരം സജീറിനെ ജോലിക്കെടുത്തതിനെത്തുടർന്നാണ്. ഇതിൽ പ്രകോപിതരായ പ്രതികൾ ഇതിനുമുൻപ് തന്നെ സജീറിനെയും ഷംനാദിനെയും ആക്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് പ്രതികളെ വീണ്ടും ആക്രമണത്തിന് പ്രേരിപ്പിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൈജുവിനെ പിടികൂടാൻ പൊലീസ് തിരച്ചിൽ തുടരുന്നു.
0 Comments