Latest Posts

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: ആൺ സുഹൃത്തിന് പിന്നാലെ അമ്മയും അറസ്റ്റിൽ; അറസ്റ്റിലായത് പെൺകുട്ടികളെ മദ്യം കുടിപ്പിക്കാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തിയതോടെ; പോക്സോ ചുമത്തി

 

എറണാകുളം : പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രായപൂർത്തിയാവാത്ത പെൺമക്കളെ ആൺസുഹൃത്ത് പീഡിപ്പിച്ച കേസിൽ അമ്മയും ആൺസുഹൃത്തായ ധനേഷും അറസ്റ്റിൽ. അമ്മയ്‌ക്കെതിരെ പോക്സോ നിയമവും ജുവനൈൽ ജസ്റ്റിസ് ആക്ടും ചുമത്തിയതായി പോലീസ് അറിയിച്ചു. കുട്ടികളെ മദ്യം കുടിപ്പിക്കാൻ അമ്മ പ്രേരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സുഹൃത്തായ ധനേഷ് കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം അറിയാമായിട്ടും അമ്മ പോലീസിനെ അറിയിക്കാതെ മറച്ച് വെച്ചതും കുറ്റസമ്മത മൊഴികളിലൂടെ വ്യക്തമാകുന്നു. അധ്യാപികയുടെ മൊഴി കൂടി പരിശോധിച്ച ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

പീഡനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കുറുപ്പംപടി കേസിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് പെൺകുട്ടികൾക്ക് നിരന്തരം മദ്യം നൽകുകയും, തുടർന്ന് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ ക്ലാസ് ടീച്ചറുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. കുട്ടികളുടെ മൊഴിയിലും ഈ വിവരം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ പോക്സോ വകുപ്പുകൾ ചുമത്തിയേക്കാമെന്നാണ് പോലീസ് സൂചന. പ്രായപൂർത്തിയാവാത്ത പെൺമക്കളെ ആൺസുഹൃത്തായ ധനേഷാണ് പീഡിപ്പിച്ചത്. പീഡന വിവരം അമ്മയ്ക്ക് മൂന്നു മാസമായി അറിയാമായിരുന്നുവെന്നായിരുന്നു പ്രതി ധനേഷിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ പ്രതിചേർത്തത്.

രഹസ്യ മൊഴി, കേസിന്റെ വഴിത്തിരിവ്
കേസിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികളെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും ഇയാൾ രണ്ടു വർഷത്തോളമായി കുട്ടികളെ പീഡിപ്പിച്ചുവരികയാണെന്നുമുള്ള വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചു. കുട്ടികൾ സഹപാഠികൾക്കു എഴുതിയ കത്തിലൂടെ ആണ് പീഡന വിവരം പുറത്ത് വന്നത്. പ്രതി കുട്ടികളെ വീട്ടിലെത്തി കാണുന്ന സമയങ്ങളിലാണ് ലൈംഗിക ചൂഷണം നടത്തിയത്. അവരുടെ സുഹൃത്തുക്കളെയും എത്തിച്ചുകൊടുക്കാൻ ഇയാൾ കുട്ടികളോട് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. കേസിന്റെ നിർണായക തെളിവായ കത്തിനെക്കുറിച്ച് ക്ലാസിലെ അധ്യാപികയുടെ മകൾ അമ്മയുടെ ശ്രദ്ധയിൽ പെടുത്തി. അധ്യാപിക നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കുട്ടികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്തത്.

പീഡനത്തിനിരയായ കുട്ടികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി
കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (CWC) ഇടപെട്ടിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി, പഠന സഹായമടക്കം ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. അമ്മ അറസ്റ്റിലായ ശേഷം പോലും കുറ്റം സമ്മതിച്ചിട്ടില്ല. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

0 Comments

Headline