Latest Posts

സംസ്ഥാനത്ത് കടുത്ത വേനൽ ചൂട്: കറുത്ത ഗൗണും കോട്ടും ഒഴിവാക്കാൻ അനുമതി നൽകണമെന്ന് ഹൈക്കോടതി അഭിഭാഷകർ


സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് കടുത്ത വേനൽ ചൂട് തുടരുന്നതിനാൽ ഹൈക്കോടതി അഭിഭാഷകർക്ക് വസ്ത്രധാരണത്തിൽ ഇളവ് നൽകണമെന്ന ആവശ്യമുന്നയിച്ച് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകി. കറുത്ത ഗൗണും കോട്ടും ഒഴിവാക്കാൻ അനുമതി നൽകണമെന്നതാണ് അഭിഭാഷകരുടെ പ്രധാന ആവശ്യം.

കഴിഞ്ഞ വർഷവും സമാനമായ സാഹചര്യം ഉണ്ടായപ്പോൾ ഹൈക്കോടതി മേയ് മാസം വരെ അഭിഭാഷകർ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരുന്നു.

ഇതിനിടെ സംസ്ഥാനത്ത് ചൂട് കൂടുതൽ കടുക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പരമാവധി താപനില 38°C വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മലപ്പുറം, എറണാകുളം ജില്ലകളിൽ 37°C, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35°C, വയനാട്, കൊല്ലം ജില്ലകളിൽ 34°C, തിരുവനന്തപുരത്ത് 33°C, ഇടുക്കിയിൽ 32°C വരെ ഉയരാനാണ് സാധ്യത. ഇതിൽ 2-3°C വരെ സാധാരണ താപനിലയെക്കാൾ കൂടുതലാണ്.

വേനൽ ചൂട് മനുഷ്യാരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി ജനങ്ങൾ മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശം.

0 Comments

Headline