Latest Posts

കൃഷിക്കും മാലിന്യസംസ്‌കരണത്തിനും പ്രാധാന്യം നൽകി കൊല്ലം ജില്ലാ പഞ്ചായത്ത് ബജറ്റ്



കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 2025-26 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ജില്ലാ പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിച്ചു. 191.59 കോടി രൂപ വരവും 185.43 കോടി രൂപ ചെലവും 6.16 കോടി രൂപ നീക്കിയിരുപ്പുമാണ് പ്രതീക്ഷിക്കുന്നത്. കൃഷിയും മൃഗസംരക്ഷണവും മത്സ്യബന്ധനവുമെല്ലാമായി ഗ്രാമീണ മേഖലകളുടെ സമഗ്രവികസനത്തിനാണ് ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. കാർഷികമേഖലയിലെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ നാടൻ മട്ടയരി വിപണിയിലിറക്കുന്നതിനായി "കതിര്മണി" പദ്ധതി നടപ്പാക്കുന്നു. ഇതിനായി 3 കോടി രൂപ വകയിരുത്തിയിരിക്കുന്നു. കൂടാതെ കേര കൃഷി കൂടുതൽ വ്യാപിപ്പിക്കുന്നതിനായി 60 ലക്ഷം രൂപയുടെ ധനസഹായം നൽകും. ഫാം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി "ഫാം ഫെസ്റ്റ്" സംഘടിപ്പിക്കാനാണ് പദ്ധതി. കാർഷിക ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പരിപാടി നടപ്പിലാക്കും. കരിമ്പ് കൃഷി വ്യാപിപ്പിക്കുന്നതിനും കശുമാവ് തൈകൾ നട്ടുപിടിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനും കതിര്മണി നെൽ കൃഷിക്ക് പ്രോത്സാഹനം നൽകുന്നതിനും 25 ലക്ഷം രൂപ വീതം അനുവദിച്ചിരിക്കുകയാണ്.

മൃഗസംരക്ഷണ മേഖലയിലും നവീന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കരിയോട്ടുമല ഫാമിൽ ആധുനിക സ്ലോട്ടർ ഹൗസ് ആരംഭിക്കുന്നതിന് 80 ലക്ഷം രൂപ വകയിരുത്തിയപ്പോൾ, മാംസം ഉൽപാദിപ്പിച്ച് വിതരണത്തിനായി 30 ലക്ഷം രൂപ നീക്കി. കോഴിത്തീറ്റ വിപണിയിലിറക്കുന്നതിനായി "ക്വയിലോൺ ചിക്കൻ ഫീഡ്സ്" എന്ന ബ്രാൻഡ് ആരംഭിക്കുന്നു, അതിനായി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ കരിയോട്ടുമല ഫാമിൽ ഷെൽട്ടർ സജ്ജമാക്കുകയും വന്ധ്യംകരണ ശസ്ത്രക്രിയക്ക് എ.ബി.സി സെന്റർ പൂർത്തിയാക്കുകയും ചെയ്യും. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്ക് ക്ഷീരമേഖലയെക്കുറിച്ച് ബോധവൽക്കരിക്കുന്ന "സ്റ്റുഡന്റ്സ് ഡയറി ക്ലബ്" പദ്ധതിക്കും 5 ലക്ഷം രൂപ വിനിയോഗിക്കുന്നു. മത്സ്യമേഖലയിലെ സംരംഭങ്ങൾക്ക് 1.5 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എഫ്.ആർ.പി വള്ളങ്ങൾ നൽകുന്നതിനായി 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുകയാണ്. ജലാശയങ്ങളിൽ കൂടുകൾ സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിനും, മോട്ടോർ ഘടിപ്പിച്ച വള്ളങ്ങളിൽ ഇൻസുലേറ്റഡ് ബോക്സുകൾ സ്ഥാപിക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ചു. ഇതോടൊപ്പം മത്സ്യത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കാൻ വനിതകൾക്ക് പ്രത്യേക ധനസഹായം നൽകും.

ജല, മണ്ണ് സംരക്ഷണത്തിലും സമഗ്ര പദ്ധതികൾ നടപ്പാക്കുന്നു. ഗ്രാമീണ കുളങ്ങൾ ശുചീകരിച്ച് കൃഷിക്കും ജലസേചനത്തിനും ഉപയോഗിക്കാൻ 1.5 കോടി രൂപ വകയിരുത്തിയിരിക്കുന്നു. തോടുകൾ ശുചീകരിച്ച് ജലപ്രവാഹം സുഗമമാക്കുന്നതിനും പട്ടികജാതി കോളനികളിലെ മണ്ണൊലിപ്പ് തടയുന്നതിനും 2.5 കോടി രൂപ വീതം നീക്കിവെച്ചിട്ടുണ്ട്. സാമൂഹിക ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നിനെ മാതൃകാ റോഡാക്കി മാറ്റാൻ 26 കോടി രൂപ അനുവദിച്ചു. ജില്ലയുടെ ആധുനിക കെട്ടിട സമുച്ചയം നിർമിക്കാൻ 4.5 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടറുകൾ നൽകുന്നതിനായി 1.25 കോടി രൂപ ചെലവഴിക്കും. അതുപോലെ കാൻസർ രോഗികളായ വയോജനങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നതിനും "ഹോംകെയർ പേഴ്സൺ" പദ്ധതിയിലൂടെ വയോജന സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക ധനസഹായം നൽകും.

വനിതാ ശാക്തീകരണത്തിനും വിദ്യാഭ്യാസ വികസനത്തിനും വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. "കരുത്തോടെ കരുതലോടെ" പദ്ധതി, "ഫിറ്റ് ഗേൾസ്" പദ്ധതി, "വുമൺ കെയർ ലാബ്" തുടങ്ങിയവക്ക് ധനസഹായം നൽകും. സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കും ഫർണിച്ചർ വാങ്ങുന്നതിനും 3 കോടി രൂപ വകയിരുത്തിയിരിക്കുന്നു. അതുപോലെ ആധുനിക സയൻസ് ലാബുകൾ, സ്കൂൾ ലൈബ്രറികൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കും സാമ്പത്തിക സഹായം നൽകും. ആശുപത്രി വികസനത്തിനും ആരോഗ്യ സംരക്ഷണത്തിനും നിർണായക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ല ആശുപത്രിയിൽ ഖരമാലിന്യ സംസ്‌കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കും, അതിനായി 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത്യാധുനിക പി.ഇ.ടി സ്കാനിങ് സംവിധാനം സ്ഥാപിക്കാൻ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വിക്ടോറിയ ആശുപത്രിയിൽ സ്ത്രീകൾക്ക് പ്രസവാനന്തര കിറ്റ് വിതരണം ചെയ്യുന്നതിനും ഗർഭിണികൾക്ക് പോഷകാഹാര വിതരണം ഉറപ്പാക്കുന്നതിനും പ്രത്യേക ധനസഹായം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ജലസംരക്ഷണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ സമഗ്രമായ വികസനമാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

0 Comments

Headline