കൊല്ലം : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രണ്ടാമത് സിൻഡിക്കേറ്റിലേക്ക് സംസ്ഥാന സർക്കാർ നോമിനികളെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസം, തൊഴിൽ, വ്യവസായം എന്നീ മേഖലകളിൽ നിന്ന് ഉൾപ്പെടുത്തേണ്ട എട്ടുപേരിൽ ഏഴുപേരെയാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്. അഡ്വ. വി.പി. പ്രശാന്ത് (ഡി.വൈ.എഫ്.ഐ മുൻ കൊല്ലം ജില്ലാ സെക്രട്ടറി, സി.പി.എം നെടുവത്തൂർ ഏരിയാ കമ്മിറ്റി അംഗം), ഡോ. പി.പി. അജയകുമാർ (കേരള യൂണിവേഴ്സിറ്റി എമിററ്റസ് പ്രൊഫസർ), ഡോ. എ. ബാലകൃഷ്ണൻ (തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹിസ്റ്ററി വിഭാഗം മേധാവി), അഡ്വ. ജി. സുഗുണൻ, ഡോ. എം. ജയപ്രകാശ്, പി. ഹരിദാസ്, ഡോ. സി. ഉദയകല എന്നിവരാണ് പുതിയ സിൻഡിക്കേറ്റ് അംഗങ്ങൾ.
സർക്കാരിന് നിർദ്ദേശിക്കാവുന്ന യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രതിനിധി, വൈസ് ചാൻസലർ നാമനിർദ്ദേശം ചെയ്യാവുന്ന പഠന സ്കൂൾ മേധാവി, നിയമസഭാ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി എന്നിവയുടെ നിയമനം ശേഷിക്കുകയാണ്. വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം ശുപാർശ ചെയ്യുന്ന ജോയിന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി അല്ലെങ്കിൽ അദ്ദേഹം നാമനിർദ്ദേശം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി, പ്രോ വൈസ് ചാൻസലർ എന്നിവർ സിൻഡിക്കേറ്റിലെ എക്സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. യൂണിവേഴ്സിറ്റിയുടെ ആദ്യ സിൻഡിക്കേറ്റിന്റെ കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു.
0 Comments