സ്വന്തം ലേഖകൻ
കോഴിക്കോട് : അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ അടച്ചുപൂട്ടാൻ ജില്ലാതല ശിശു സംരക്ഷ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ അധ്യക്ഷനായ യോഗത്തിൽ കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി.
പല ട്യൂഷൻ സെന്ററുകളും വീടുകളുടെ ടെറസിൽ ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ടുള്ള താത്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കുട്ടികളുടെ ആരോഗ്യസുരക്ഷക്കും പഠനാന്തരീക്ഷത്തിനുമുള്ള ഭീഷണിയുമാണ് അടിയന്തിര നടപടി ആവശ്യമായത്.
ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ ട്യൂഷൻ സെന്ററുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തത്കാൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്തുകൾക്കാണ് പരിശോധന നടത്തേണ്ട ഉത്തരവാദിത്വമെന്നും അധികൃതർ അറിയിച്ചു. ട്യൂഷൻ കേന്ദ്രങ്ങളിൽ ബഹളമുണ്ടാക്കുന്ന ആഘോഷങ്ങൾ, ഡിജെ പാർട്ടികൾ എന്നിവ സംഘടിപ്പിക്കുകയാണെങ്കിൽ അതത് പൊലീസ് സ്റ്റേഷനിലോ ഗ്രാമപഞ്ചായത്തിലോ മുൻകൂർ അറിയിപ്പ് നൽകണമെന്നും നിർദ്ദേശമുണ്ട്.
സ്കൂൾ ജാഗ്രത സമിതികൾ രൂപീകരിച്ച് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, അക്രമസംഭവങ്ങൾ എന്നിവ 1098 ചൈൽഡ് ലൈൻ നമ്പറിലേക്ക് റിപ്പോർട്ട് ചെയ്യാൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കണം. എല്ലാ സർക്കാർ, എയിഡഡ്, അൺഎയിഡഡ്, സ്വകാര്യ സ്കൂളുകളിലും കൗൺസിലർമാരുടെ നിയമനം നിർബന്ധമാക്കണമെന്നും നിർദ്ദേശമുണ്ട്. അംഗീകൃത ട്യൂഷൻ സെന്ററുകളിൽ 1098 ചൈൽഡ് ലൈൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചു.
നിബന്ധനകൾ പാലിക്കാത്ത ട്യൂഷൻ സെന്ററുകൾ അടച്ചു പൂട്ടുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. രജിസ്‌ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾ കുട്ടികളുടെ അടിസ്ഥാനാവശ്യങ്ങൾ പോലും കണക്കിലെടുക്കുന്നില്ലെന്ന പരാതികൾ വരുന്നു.
0 Comments