കരുനാഗപ്പള്ളി : വേനൽ കനത്തതോടെ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിലം നികത്തൽ വ്യാപകമാകുകയാണ്. കിഴക്കൻ മലകളിൽ നിന്ന് ലോറികളിൽ കൊണ്ടുവരുന്ന ഗ്രാവൽ ഉപയോഗിച്ചാണ് തരിശായി കിടക്കുന്ന നിലങ്ങൾ നികത്തി പുരയിടമാക്കുന്നത്. ദിവസവും നൂറുകണക്കിന് ലോഡ് ഗ്രാവലാണ് ഇവിടെ എത്തുന്നത്. അർധരാത്രിക്ക് ശേഷമാണ് ഗ്രാവലുമായി ലോറികളുടെ വരവ്. ഗ്രാവൽ ഇറക്കി കഴിഞ്ഞാൽ ജെ.സി.ബി ഉപയോഗിച്ച് നികത്തും. നാട്ടുകാർ ഉണരുന്നതിന് മുമ്പായി തന്നെ പ്രവർത്തനം പൂര്‍ത്തിയാക്കി ലോറികളും ജെ.സി.ബി യും സ്ഥലം വിടും.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മഹസർ തയ്യാറാക്കി തിരികെ മടങ്ങും. ആവശ്യമെങ്കിൽ സ്റ്റോപ്പ് മെമ്മോ നൽകും. ഇതോടെ ഉദ്യോഗസ്ഥരുടെ നടപടി അവസാനിക്കും. നെൽവയൽ നികത്തി കൊടുക്കുന്നതിനായി കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. നികത്തേണ്ട വയലിന്റെ വിസ്തൃതി കണക്കാക്കി തുക ഈടാക്കും. നെൽവയൽ ഉടമക്ക് കാര്യങ്ങളറിയേണ്ട ആവശ്യമില്ല. പണം നൽകിയാൽ സ്ഥലം നികത്തി ഉടമയ്ക്ക് കൈമാറും. തുക പൂർണമായും നൽകിയാൽ മാത്രമേ പ്രവർത്തനം ആരംഭിക്കൂ.
മലകളിൽ നിന്ന് ഗ്രാവൽ കയറ്റി പുറപ്പെടുമ്പോൾ ലോറിയുടെ മുന്നിലായി ഇരുചക്ര വാഹനത്തിലോ ജീപ്പിലോ രണ്ടു പേർ മുന്നേ പോകും. ഇവരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും ലോറികൾ നീങ്ങുക. പൊലീസിന്റെ ശ്രദ്ധ പതിയാത്ത വഴികളിലൂടെയാണ് പൈലറ്റ് വാഹനങ്ങളുടെ യാത്ര. വഴികളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ മൊബൈൽ ഫോണിലൂടെ സന്ദേശം ലോറിയിലേക്കു കൈമാറും. ഇതോടെ ലോറികൾ ഓടിയെത്തി മറവിൽ നിർത്തും. പൈലറ്റ് വാഹനത്തിൽ നിന്നുള്ളവരുടെ അടുത്ത സന്ദേശം ലഭിച്ചാൽ മാത്രമേ ലോറികൾ വീണ്ടും യാത്ര തുടരുമ്. ഉദ്യോഗസ്ഥർക്കിടയിലും മണൽ മാഫിയയ്ക്കു കണ്ണികളുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതിനൊക്കെ അനുമതി ഇല്ലാതെയാണ് പ്രവർത്തനം നടക്കുന്നതെന്നും നടപടി സ്വീകരിക്കാതെ പോകരുതെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഈ പ്രവണത തുടരുകയാണെങ്കിൽ കരുനാഗപ്പള്ളിയിലെ നെൽവയലുകൾ പുരയിടങ്ങളായി മാറുമെന്നതിൽ സംശയമില്ല. നെൽവയലുകൾ നികത്തുന്നതോടെ നീർച്ചാലുകൾ അടഞ്ഞു മഴക്കാലത്ത് വെള്ളപ്പൊക്കം പതിവായി മാറുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
0 Comments