കൊല്ലം : സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ തിരുവാതിര ഇന്ന് വൈകിട്ട് 4.30ന് ആശ്രാമം മൈതാനത്ത് നടക്കും. മുൻ മേയർ പ്രസന്ന ഏണസ്റ്റ് രചിച്ച ഹൃദയമുള്ള വരികൾ ആസ്വദിച്ച് നൂറുകണക്കിന് വനിതാ സഖാക്കൾ തിരുവാതിരയ്ക്കായി ചുവടുവെയ്ക്കും.
"വിപ്ലവ ചിന്തയാൽ ചൂടേറ്റ് നിൽക്കുന്ന
കൊല്ലം കരയേ ചുവന്ന പെണ്ണേ...."
ഇങ്ങനെ തുടങ്ങുന്ന പ്രസന്ന ഏണസ്റ്റിന്റെ വരികളിൽ കൊല്ലത്തിന്റെ പ്രകൃതിസൗന്ദര്യവും നവോത്ഥാന മുന്നേറ്റങ്ങളും പ്രതിഫലിക്കുന്നു. ശൂരനാട് വിപ്ലവം ഉൾപ്പെടെയുള്ള സമരങ്ങളുടെ ഓർമ്മകളും, എൻ.എസ്., സി.പി. ആശാൻ, എം.കെ. ഭാസ്കരൻ തുടങ്ങിയ ജില്ലയിലെ സി.പി.എം നേതാക്കളെയും ഈ വരികൾ ഓർമ്മിപ്പിക്കുന്നു.
മെഗാതിരുവാതിരക്ക് മങ്ങാട് എസ്.ജി. ദീപ ആണ് സംഗീതം നൽകി ചിട്ടപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ വിശാലമായ തിരുവാതിരയിൽ പങ്കെടുക്കുന്നത്.
0 Comments