കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിർ ലഹരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പൊലീസ് പ്രതിയെ പിടികൂടി. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട യാസിർ സ്വന്തം കാറിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്തിയതായിരുന്നു. പ്രതിരോധത്തിനായി പൊലീസ് പ്രചരിപ്പിച്ച കാറിന്റെ നമ്പർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പ്രതിയെ തിരിച്ചറിഞ്ഞ് വിവരം പൊലീസിൽ അറിയിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് യാസിർ ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. അതേസമയം, ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. അബ്ദുറഹ്മാന്റെ നില അതീവ ഗുരുതരമാണ്, ഇരുവരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ യാസിർ ലഹരിയ്ക്ക് അടിമയാണെന്നും കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെയും ഷിബിലയെ യാസിർ മർദിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട് ഷിബിലയുടെ കുടുംബം മുമ്പ് പൊലീസ് പരാതി നൽകിയിരുന്നുവെങ്കിലും പരാതിയെ പൊലീസ് ഗൗരവത്തിൽ എടുത്തില്ലെന്നാരോപണമുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
0 Comments