സ്വന്തം ലേഖകൻ
മഹാരാഷ്ട്രയിലെ പൂനെയിൽ 80 ശതമാനം വെള്ളം കലർന്ന പെട്രോൾ അടിച്ചതോടെ നിരവധി വാഹനങ്ങൾ വഴിയിൽ ഓഫ് ആയി. പിംപ്രി-ചിഞ്ച്‌വാഡിലെ ഷാഹുനഗറിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റേതായ ഭോസാലെ പെട്രോൾ പമ്പിൽ നിന്നുമാണ് വെള്ളം കലർന്ന ഇന്ധനം വിതരണം ചെയ്തത്.
ഈ പമ്പിൽ നിന്നുള്ള ഇന്ധനം അടിച്ച എല്ലാ വാഹനങ്ങളും കുറച്ചുദൂരം കയറുമ്പോഴേക്കും തകരാറിലായി. ഒന്നോ രണ്ടോ ലിറ്റർ മാത്രം പെട്രോൾ നിറച്ചവർക്കും എഞ്ചിൻ തകരാറിലാകാൻ കാരണമായി. സംശയം തോന്നിയ ഉപഭോക്താക്കൾ അവരുടെ ടാങ്കുകൾ പരിശോധിച്ചപ്പോൾ പെട്രോളിൽ വെള്ളം കലർന്നിരിക്കുന്നതായാണ് കണ്ടെത്തിയത്.
പ്രതിഷേധത്തിനൊടുവിൽ പെട്രോൾ അടിച്ച ഉപഭോക്താക്കൾ ഇരുചക്രവാഹനങ്ങൾ പമ്പിന് മുന്നിൽ നിരത്തി പ്രതിഷേധിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അതേസമയം, പമ്പുടമ ബോധപൂർവ്വം വെള്ളം കലർത്തിയതല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഭൂഗർഭ ഇന്ധന ടാങ്കുകൾ തുരുമ്പപ്പെടുന്നതിനാൽ അവയ്ക്കുള്ളിൽ വെള്ളം കടക്കാനുള്ള സാധ്യതയുണ്ടെന്നും അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് ഇതിന് കാരണമാകാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാഹന ഉടമകൾ സംഭവത്തിൽ ഉടമയ്‌ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭ്യമായിട്ടില്ല.
0 Comments