താമരശേരി : താമരശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താമരശേരി പൊലീസ് സ്റ്റേഷൻ ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ. ലഹരിക്കടിമയായ യാസിർ, ഷിബിലയെ ക്രൂരമായ ലൈംഗികത വൈകൃതത്തിനിരയാക്കിയിരുന്നതായി വളണ്ടിയർ പറഞ്ഞു. ശാരീരിക മർദ്ദനത്തോടൊപ്പം സംഭവിച്ച ഈ അതിക്രമങ്ങളാണ് വിവാഹമോചനത്തിനുള്ള തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്ന് ഇവർ വ്യക്തമാക്കുന്നു.
പലവട്ടം പൊലീസിൽ പരാതി
യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതോടെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അപ്പോൾ തന്നെ തനിക്ക് ഇനി യാസിറിനൊപ്പം ജീവിക്കാനാവില്ലെന്ന് കണ്ണീരോടെ ഷിബില പറഞ്ഞതായി ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ആദ്യ ഒരു വർഷം മാത്രം ഇരുവരും സ്നേഹത്തോടെ ജീവിച്ചു. പിന്നീട് മദ്യപിച്ചെത്തിയ യാസിർ തുടർച്ചയായി ഷിബിലയെ ഉപദ്രവിക്കുകയായിരുന്നു. രാത്രികാലങ്ങളിലെ ലൈംഗിക വൈകൃതം ഷിബിലയെ തളർത്തിയതായും, ഇതു തുടരാനാകില്ലെന്നുറച്ചതായും അവൾ പറഞ്ഞു.
കൊലക്ക് മുൻപ് ഭയത്തിൽ ജീവിച്ച ഷിബില
കഴിഞ്ഞ ജനുവരി 18-ന്, യാസറിന്റെ സുഹൃത്തായ ആഷിക്, ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ടശേഷം ഷിബില ഭയത്തിൽ ആയിരുന്നുവെന്ന് കുടുംബം പറയുന്നു. ഒടുവിൽ ഷിബില ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. മാർച്ച് 3-ന്, യാസർ കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിൽ രണ്ട് ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കി. ശരീരത്തിൽ മറ്റും 11 കുത്തേറ്റ മുറിവുകളുമുണ്ട്. മാതാപിതാക്കൾ തടയാൻ ശ്രമിച്ചെങ്കിലും യാസിർ അവർക്കുമേൽ ആക്രമണം നടത്തി.
ലഹരി ഉപേക്ഷിക്കണമെന്ന് പറഞ്ഞപ്പോൾ ഉപദ്രവം ശക്തമായി
ഷിബില യാസറിനോട് ലഹരി ഉപേക്ഷിക്കാൻ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഇതും അനുസരിക്കാതിരുന്നതോടെ കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് ഫോൺ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴി ഉപദ്രവം തുടരുകയായിരുന്നു. ഫെബ്രുവരി 28-ന്, ഷിബിലയും വീട്ടുകാരും താമരശേരി പൊലീസിൽ പരാതി നൽകി. എന്നാൽ മധ്യസ്ഥ ചർച്ചയിലൂടെ കേസ് ഒതുക്കുകയായിരുന്നു. ഷിബിലയുടെ വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും യാസറിന്റെ വീട്ടിലുണ്ടായിരുന്നു. എന്നാൽ പരാതി നൽകിയതിൽ പ്രകോപിതനായ യാസിർ, അവ കത്തിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർച്ചയായ ലഹരിയും അതിക്രമങ്ങളും ഷിബിലയുടെ ജീവൻ കവർന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായി പറയുന്നു.
0 Comments