തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽമഴ തുടരുന്നു. കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനില മുന്നറിയിപ്പ്
അതേസമയം, ഉയർന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് ഉയർന്ന താപനില അനുഭവപ്പെടുന്നത്.
കണ്ണൂർ, കാസർഗോഡ് – 38 ഡിഗ്രി വരെ ഉയരാനിടയുണ്ട്.
കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് – 37 ഡിഗ്രി വരെയും ഉയരാൻ സാധ്യത.
സൂര്യാഘാതത്തിനും നിർജലീകരണത്തിനും ജാഗ്രത നിർദേശം : ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണിവരെ നേരിട്ട് ദീർഘസമയത്തേക്ക് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
0 Comments