ന്യൂഡൽഹി : മണിപ്പൂരിലെ കലാപസാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം സംസ്ഥാനത്തെത്തുന്നു. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ആണ് കലാപഭൂമി സന്ദർശിക്കുക. ജസ്റ്റിസുമാരായ വിക്രം നാഥ്, എം.എം. സുന്ദരേഷ്, എൻ. കോടേശ്വർ സിങ്, കെ.വി. വിശ്വനാഥൻ എന്നിവരും സംഘത്തിലുള്ളവരാണ്. ജസ്റ്റിസ് സൂര്യകാന്ത്, സ്വകാര്യ കാരണങ്ങളാൽ സന്ദർശനത്തിൽ പങ്കെടുക്കുന്നില്ല. സംഘം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും, ജനജീവിതവും ദുരിതബാധിതർക്കുള്ള സഹായ വിതരണവും വിലയിരുത്തുകയും ചെയ്യും.
വിലക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് കോടേശ്വർ സിങ് സന്ദർശനം ഒഴിവാക്കി
സംഘാംഗമായ എൻ. കോടേശ്വർ സിങ് കുക്കി വിഭാഗം അധിനിവേശിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നത് തീവ്രവാദികൾ വിലക്കി. മെയ്തി വിഭാഗക്കാരനായ ജഡ്ജി തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കരുത് എന്നാണ് പ്രഖ്യാപനം. ഇതേ തുടർന്ന് കോടേശ്വർ സിങ് കുക്കി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നത് ഒഴിവാക്കി.
ദുരിതാശ്വാസ-പുനരധിവാസ സമിതിയുടെ കാലാവധി നീട്ടി
മണിപ്പൂരിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിയമിച്ച റിട്ട. ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷനായ സമിതിയുടെ കാലാവധി ജൂലൈ 31 വരെ സുപ്രീം കോടതി തിങ്കളാഴ്ച നീട്ടി. ജൂലൈ 21ന് മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് (CJI) സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടിരുന്നു.
അസമിലേക്ക് മാറ്റിയ കേസുകളുടെ വിചാരണ ഗുവാഹത്തി കോടതികളിൽ
മണിപ്പൂരിൽ രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ച കേസുകൾ ഉൾപ്പെടെയുള്ള നിരവധി കേസുകൾ ന്യായമായ വിചാരണ ഉറപ്പാക്കുന്നതിനായി അസമിലേക്ക് മാറ്റിയിരുന്നു. ഈ കേസുകളുടെ വിചാരണ ഗുവാഹത്തി കോടതികളിൽ നടക്കുമെന്നും, കൈമാറ്റം ചെയ്യപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഒരോന്നോ അതിലധികമോ ജുഡീഷ്യൽ ഓഫീസർമാരെ നാമനിർദേശിക്കാനും ഗുവാഹത്തി ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചതായും കോടതി വ്യക്തമാക്കി.
0 Comments