താമരശ്ശേരി : താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്ന് വയസുകാരിയെ ബാംഗ്ലൂരിൽ കണ്ടെത്തി. ബന്ധുവായ യുവാവിനൊപ്പമായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത് എന്നാണ് കർണാടക പോലീസിൽ നിന്ന് ലഭ്യമായ വിവരം. ബാംഗ്ലൂരിൽ പെൺകുട്ടി ഉണ്ടെന്ന വിവരം കർണാടക പൊലീസിന് ലഭിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ്, താമരശ്ശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ നാട്ടിലെത്തിക്കാനായി താമരശ്ശേരി പൊലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മാർച്ച് 11 മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. പരീക്ഷയെഴുതാൻ രാവിലെ ഒൻപത് മണിക്ക് സ്‌കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഈ സാഹചര്യത്തിൽ പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടെ, തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ പെൺകുട്ടിയെ കണ്ടതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പെൺകുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങൾ, പൊലീസിന് കൈമാറിയതോടൊപ്പം, ബന്ധുവായ യുവാവിനെയും ദൃശ്യങ്ങളിൽ കാണാമായിരുന്നു. സംഭവത്തിൽ പൊലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.
0 Comments