Latest Posts

ഷഹബാസിന്റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ച്; പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്; അഞ്ച് വിദ്യാർത്ഥികൾ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ



കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ കേസിൽ കൊലക്കുറ്റം ചുമത്തിയതായി പൊലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് താമരശ്ശേരി പൊലീസ് നിർദേശം നൽകി. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും ആദ്യം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കി പിന്നീട് രക്ഷിതാക്കളുടെ കൈയിലേൽപ്പിച്ചു. ഷഹബാസിന്റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ചാകാമെന്ന് പൊലീസ് പറയുന്നു.

ഫെയർവെൽ ആഘോഷത്തിൽ തുടങ്ങിയ തർക്കം സംഘർഷത്തിൽ
വട്ടോളി എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ഷഹബാസ് കഴിഞ്ഞ രാത്രി 12.30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. വട്ടോളി എം.ജെ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിൽ നടന്ന പത്താം ക്ലാസുകാരുടെ ഫെയർവെൽ ആഘോഷത്തിനിടെയുള്ള തർക്കം തുടർച്ചയായിട്ടാണ് വ്യാഴാഴ്ച ഈ ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് താമരശ്ശേരി പൊലീസ് അഞ്ചു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

0 Comments

Headline