Latest Posts

കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മാതാപിതാക്കളും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ; പ്രതിക്കെതിരെ നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നതായി കുടുംബം



കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈങ്ങാപ്പുഴ സ്വദേശി യാസിർ ആണ് ആക്രമണം നടത്തിയത്. മയക്കുമരുന്ന് ലഹരിയിലായിരുന്നെന്നും ഇയാൾ ലഹരിക്ക് അടിമയാണെന്നുമാണ് പ്രാഥമിക വിവരം. യാസിറിന്റെ ഭാര്യ ഷിബില (വയസ് വ്യക്തമല്ല) ആണ് കൊലചെയ്യപ്പെട്ടത്. വെട്ടേറ്റ ഷിബിലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അബ്ദുറഹ്മാന്റെ നില അതീവ ഗുരുതരമാണ്. ഇരുവരും ഇപ്പോൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം നിരവധി തവണ പൊലീസിൽ പരാതി നൽകിയിരുന്നതായും, എന്നാല്‍ അതിനെ പൊലിസ് ഗൗരവത്തിൽ എടുത്തില്ലെന്നുമാണ് വീട്ടുകാരുടെ ആരോപണം. നേരത്തെയും യാസിർ ഷിബിലയെ മർദിച്ചിരുന്നതായി പരാതിയുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments

Headline