കൊല്ലം : പുനലൂരിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ 42 കാരന് നാല് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ചു. പത്തനംതിട്ട സീതത്തോട് സ്വദേശി ജെയ്മോനാണ് ശിക്ഷിക്കപ്പെട്ടത്. കേസനുസരിച്ച്, 2016 ജനുവരി മുതൽ ജെയ്മോൻ ചിറ്റാറിലുള്ള താമസസ്ഥലത്തിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ നിരന്തരമായി ക്രൂരമായി പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു.
പലതവണയായിരുന്നു പീഡനം നടന്നത്. കേസിലെ തെളിവുകളും സാക്ഷ്യങ്ങളും വിശകലനം ചെയ്ത കോടതി, കുറ്റപത്രം പ്രകാരമുള്ള കുറ്റങ്ങൾ പൂര്‍ണമായി തെളിഞ്ഞതായി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍റെ ആവശ്യം പ്രതിക്ക് പരമാധി ശിക്ഷ നൽകണമെന്നായിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതിനു ശേഷമാണ് കോടതി പ്രതിക്കെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ചത്. നാല് ജീവപര്യന്തം തടവുകൾ കൂടാതെ, പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ കാലം മുഴുവൻ ജയിലിൽ തുടരാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
പിഴ തുക അടയ്‌ക്കാത്ത പക്ഷം പ്രതിക്ക് എട്ടുമാസം അധികമായി കഠിന തടവ് അനുഭവിക്കേണ്ടിവരും. പിഴ അടച്ചാൽ ആ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കൂടാതെ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വഴി അതിജീവിതയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിയായ ജെയ്മോനെതിരെ മറ്റ് ജില്ലകളിലായി പോക്സോ കേസുകളും, മലപ്പുറം ജില്ലയിൽ കൊലപാതക കേസും നിലനില്ക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
0 Comments